ഇന്ത്യ-ചൈന ബന്ധത്തിൽ നേരിയ പുരോഗതി, അതിർത്തിയിലെ പ്രശ്നങ്ങളും ചർച്ചയാകും, ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമം

അഭിറാം മനോഹർ

ചൊവ്വ, 19 ഓഗസ്റ്റ് 2025 (18:19 IST)
ഇന്ത്യയും അമേരിക്കയും തമ്മില്‍ വ്യാപാരക്കരാറിനെ ചൊല്ലി ബന്ധം വഷളായ സാഹചര്യത്തില്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ- ചൈന നയതന്ത്രബന്ധങ്ങളില്‍ ഉണര്‍വ്. അമേരിക്കന്‍ ഭരണകൂടം ഇന്ത്യയ്ക്ക് മുകളില്‍ കര്‍ശനമായ കസ്റ്റംസ് നടപടികള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരിക്കുകയാണ് ചൈനീസ് വിദേശകാര്യമന്ത്രിയായ വാങ് യി. ഇന്നലെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ച ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ മഞ്ഞുരുകുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കയുടെ ഏകപക്ഷീയമായ സമീപനത്തില്‍ പ്രധാനശക്തികള്‍ ഒന്നിക്കേണ്ട അനിവാര്യമായ സാഹചര്യത്തിലാണ് ചൈനീസ് വിദേശകാര്യമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം.
 
ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലുമായി വാങ് യി ഇന്ന് ചര്‍ച്ച നടത്തും. അതിര്‍ത്തിപ്രദേശങ്ങളില്‍ സമാധാനം നിലനിര്‍ത്തുക എന്നതില്‍ ആദ്യപ്രാധാന്യം നല്‍കുന്നതായി എസ് ജയശങ്കര്‍ വ്യക്തമാക്കി. ഇതിന് പുറമെ സാമ്പത്തികം, വ്യാപാരം, നദികളുടെ ഡാറ്റ പങ്കിടല്‍, കണക്റ്റിവിറ്റി എന്നീ കാര്യങ്ങളിലും ഇതോടെ ചര്‍ച്ചയുണ്ടാകുമെന്ന് ഉറപ്പായി. നേരത്തെ അമേരിക്കയുടെ തീരുവ നടപടിയില്‍ റെയര്‍ എര്‍ത്ത്, ടണല്‍ ബൊറിങ്, വളങ്ങള്‍ എന്നിവയില്‍ ഇന്ത്യയുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ചൈന ഉറപ്പ് നല്‍കിയിരുന്നു. സ്മാര്‍ട്ട് ഫോണുകള്‍ മുതല്‍ അത്യാധുനിക സൈനിക ഉപകരണങ്ങളുടെ നിര്‍മാണത്തില്‍ റെയര്‍ എര്‍ത്ത് സുപ്രധാനമാണ്.
 
അതേസമയം മാറുന്ന ലോകത്തില്‍ അമേരിക്കയുടെ ഏകപക്ഷീയമായ നടപടികള്‍ അന്താരാഷ്ട്ര ക്രമത്തെ വെല്ലുവിളിക്കുന്നതാണെന്നും ചൈനീസ് വിദേശകാര്യമന്ത്രി വ്യക്തമാക്കി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍