ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടികള്‍ അമേരിക്ക കടുപ്പിക്കുന്നതിനിടെ ഇന്ത്യയ്ക്ക് കുറഞ്ഞ വിലയില്‍ ക്രൂഡ് ഓയില്‍ വാഗ്ദാനം ചെയ്ത് റഷ്യ. റഷ്യക്കെതിരായ യൂറോപ്യന്‍ യൂണിയന്റെ ഉപരോധവും യുഎസിന്റെ തീരുവകളും റഷ്യന്‍ ഓയിലിന്റെ ഡിമാന്‍ഡ് കുറയ്ക്കുമെന്ന് മുന്നില്‍ കണ്ടാണ് ഇന്ത്യയ്ക്ക് കുറഞ്ഞ വിലയ്ക്ക് ക്രൂഡോയില്‍ നല്‍കുന്നതിന് റഷ്യ സന്നദ്ധമായിരിക്കുന്നത്. ഡാറ്റാ ഇന്റലിജന്‍സ് സ്ഥാപനമായ കെപ്ലര്‍ ലിമിറ്റഡിനെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
യുറാല്‍സിന്റെ(ഒപെക് പ്ലസ് ഉത്പാദകര്‍) വിലയേക്കാള്‍ റഷ്യയുടെ ബ്രെന്റ് ക്രൂഡ് ഓയിലിന് ബാരലിന് അഞ്ച് ഡോളര്‍ വില കുറവാണെന്നാണ് കെപ്ലര്‍ പറയുന്നത്. അമേരിക്കയില്‍ നിന്നുള്ള അനിശ്ചിതത്വം തുടരുന്നതിനാല്‍ വില ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുന്നത് പൊതുമേഖലാ സ്ഥാപനങ്ങള്‍ കുറച്ചിട്ടുണ്ടെങ്കിലും സ്വകാര്യ കമ്പനികള്‍ എണ്ണ ഇറക്കുമതി ഉയര്‍ത്തിയിട്ടുണ്ട്. യുക്രെയ്ന്‍ യുദ്ധവുമായി റഷ്യ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് റഷ്യയെ ഒറ്റപ്പെടുത്തുന്നതിനായി റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരായ നടപടി യുഎസ് കടുപ്പിച്ചത്.