അല്ലേലും നിങ്ങടെ എഫ് 35 ഞങ്ങള്‍ക്ക് വേണ്ട, തീരുവ ഉയര്‍ത്തിയതില്‍ അതൃപ്തി, ട്രംപിന്റെ ഓഫര്‍ നിരസിച്ച് ഇന്ത്യ
ഇന്ത്യയില്‍ നിന്നുള്ള ഉല്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് പിന്നാലെ യുഎസില്‍ നിന്നും എഫ് 35 യുദ്ധവിമാനം വാങ്ങാനുള്ള പദ്ധതി ഉപേക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ യു എസ് സന്ദര്‍ശനത്തിലാണ് ഇന്ത്യയ്ക്ക് അത്യാധുനിക യുദ്ധവിമാനമായ എഫ് 35 നല്‍കാനുള്ള സന്നദ്ധത യു എസ് അറിയിച്ചത്.
പ്രതിരോധമേഖല സ്വയം പര്യാപ്തമാക്കുന്നതിന്റെ ഭാഗമായാണ് ഇടപാട് ഉപേക്ഷിച്ചതെന്നാണ് ഇന്ത്യയുടെ വിശദീകരണം. മെയ്ക്ക് ഇന്‍ പദ്ധതിയില്‍ പെടുത്തി ആയുധങ്ങള്‍ തദ്ദേശീയമായി നിര്‍മിക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. മറ്റുള്ള രാജ്യങ്ങളുമായി ആയുധങ്ങള്‍ വികസിപ്പിച്ച് അവ ഇന്ത്യയില്‍ നിര്‍മിക്കാനുള്ള പദ്ധതികള്‍ക്ക് മാത്രമെ ഇന്ത്യ നിലവില്‍ പ്രാധാന്യം നല്‍കുന്നുള്ളുവെന്നും ഉയര്‍ന്ന വില നല്‍കി ആയുധങ്ങള്‍ വാങ്ങി ദീര്‍ഘകാലം മറ്റ് രാജ്യങ്ങളെ ആശ്രയിക്കാനില്ലെന്നുമാണ് കേന്ദ്രം നല്‍കുന്ന സന്ദേശം.
അതേസമയം ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്ക് നികുതി ഉയര്‍ത്തിയ അമേരിക്കന്‍ നിലപാടില്‍ ഇന്ത്യ ഔദ്യോഗിക പ്രതികരണത്തിന് മുതിര്‍ന്നിട്ടില്ല. നയതന്ത്രതലത്തില്‍ പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ നിലവില്‍ ശ്രമിക്കുന്നത്.ഈ സമയത്താണ് എഫ് 35 ഓഫര്‍ ഇന്ത്യ നിരസിച്ചിരിക്കുന്നത്. അതേസമയം യു എസ് ഇടഞ്ഞുനില്‍ക്കുന്ന സമയത്ത് എസ് യു 57 എ എന്ന അഞ്ചാം തലമുറ യുദ്ധവിമാനം റഷ്യ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.