പാകിസ്ഥാന് എണ്ണപാടം നിര്‍മിക്കാന്‍ സഹായം, ഇന്ത്യയുടെ മുകളില്‍ 25 ശതമാനം താരിഫ്, മോദിയെ വെട്ടിലാക്കുന്ന ഫ്രണ്ടിന്റെ ഇരുട്ടടി

അഭിറാം മനോഹർ

വെള്ളി, 1 ഓഗസ്റ്റ് 2025 (12:25 IST)
അമേരിക്കന്‍ ഇലക്ഷന്‍ പ്രചരണസമയത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ഡൊണാള്‍ഡ് ട്രംപിന് വേണ്ടി വോട്ട് ചോദിച്ച ചരിത്രമുള്ള നേതാവാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോദി. മൈ ഫ്രണ്ട് എന്ന ട്രംപിനെ മോദി വിശേഷിപ്പിച്ചതും അമേരിക്കന്‍ ചങ്ങാത്തവുമെല്ലാം അന്ന് മാധ്യമങ്ങളും വലിയ രീതിയില്‍ ആഘോഷിച്ചതാണ്. ആ ഇലക്ഷനില്‍ പരാജയപ്പെട്ടെങ്കിലും വീണ്ടും അമേരിക്കന്‍ പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് തിരെഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ രണ്ടാമത് പ്രസിഡന്റായത് മുതല്‍ ഇന്ത്യയെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കുന്നതാണ് ട്രംപിന്റെ ഹോബി.
 
 ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ ഇതുവരെയും ഒരു മൂന്നാം കക്ഷിയുടെയും ഇടപെടല്‍ ഉണ്ടായ ചരിത്രമില്ലെന്നിരിക്കെ ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങാതെ തടുത്തത് തന്റെ ഇടപെടലാണെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് ആദ്യം മോദിക്കും ബിജെപി സര്‍ക്കാറിനും പണി നല്‍കിയത്. മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുമ്പോഴും ട്രംപിനെ പരസ്യമായി തള്ളാന്‍ 56 ഇഞ്ച് നെഞ്ചളവുള്ള നരേന്ദ്രമോദിക്കും ബിജെപിക്കും സാധിച്ചിട്ടില്ല.ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫ് ട്രംപ് ഭരണകൂടം ചുമത്തിയത്. അതിനൊപ്പം പാകിസ്ഥാനില്‍ എണ്ണപാടങ്ങള്‍ നിര്‍മിക്കാനായി നിക്ഷേപം നടത്തുമെന്ന പ്രസ്താവനയും ട്രംപ് നടത്തി.
 
പാകിസ്ഥാനുമായി കുറഞ്ഞ താരിഫും ഇന്ത്യയ്ക്ക് ഉയര്‍ന്ന താരിഫും ട്രംപ് പ്രഖ്യാപിച്ചപ്പോള്‍ പ്രതിരോധത്തിലായിരിക്കുകയാണ് കേന്ദ്രം. നയതന്ത്രമേഖലയിലെ ഇന്ത്യയുടെ പരാജയമാണിതെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. എന്നാല്‍ ഈ വിഷയങ്ങള്‍ക്കെല്ലാം ഇന്ത്യന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന പ്രസ്താവന മാത്രമാണ് ഇതുവരെ പുറത്തുവന്നത്. ഇതിന് പിന്നാലെ ഇന്ത്യ ഡെഡ് എക്കോണമിയാണെന്ന പരാമര്‍ശവും അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായി.
 
 ഓഗസ്റ്റ് 1 മുതലാണ് ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് യു എസ് 25 ശതമാനം തീരുവ ചുമത്തുക. ഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ജെനറിക് മരുന്നുകള്‍, കാര്‍ഷികോത്പന്നങ്ങള്‍, സമുദ്രോത്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയെയാകും ഇത് ബാധിക്കുക. അമേരിക്കയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 17 ശതമാനം മാത്രം തീരുവയാണ് ഇന്ത്യ ചുമത്തുന്നത് എന്നിരിക്കെയാണ് ബ്രിക്‌സ് കൂട്ടായ്മയുമായുള്ള ഇന്ത്യയുടെ സഹകരണവും ഇന്ത്യയുടെ അമിത നികുതിയും കാണിച്ചുള്ള അമേരിക്കന്‍ നടപടി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍