മന്ത്രിയുടെ ശകാരവും തുടര്‍ന്ന് സ്ഥലംമാറ്റവും; കെഎസ്ആര്‍ടിസി ഡ്രൈവര്‍ വാഹനമോടിക്കുന്നതിനിടെ കുഴഞ്ഞു വീണു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 7 ഒക്‌ടോബര്‍ 2025 (17:44 IST)
കാഞ്ഞിരപ്പള്ളി: പ്ലാസ്റ്റിക് കുപ്പികള്‍ ബസില്‍ നിന്ന് നീക്കം ചെയ്യാത്തതിന് മന്ത്രിയുടെ ശകാരത്തിന് ഇരയാകുകയും തുടര്‍ന്ന് സ്ഥലം മാറ്റപ്പെടുകയും ചെയ്ത കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണു. പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ ജെയ്മോന്‍ ജോസഫാണ് കുഴഞ്ഞുവീണത്. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജെയ്മോനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 
വിവാദമായതിനെത്തുടര്‍ന്ന് ജെയ്മോന്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ തൃശ്ശൂരിലേക്കുള്ള സ്ഥലംമാറ്റം താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. പിന്നീട് സ്ഥലംമാറ്റം റദ്ദാക്കിയിട്ടില്ലെന്ന് അറിയിച്ചതിന് ശേഷമാണ് ജെയ്മോന്‍ കുഴഞ്ഞുവീണത്. മുണ്ടക്കയം-പാല റൂട്ടില്‍ സര്‍വീസ് നടത്തുന്നതിനിടെ കാഞ്ഞിരപ്പള്ളിയിലെ പൂതക്കുഴിയിലാണ് സംഭവം.
 
ഒന്നാം തീയതി രാവിലെ, മുണ്ടക്കയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഒരു ബസിലെ മുന്‍വശത്തെ ജനാലയില്‍ കുടിവെള്ള കുപ്പികള്‍ നിരന്നിരിക്കുന്നത് കണ്ട് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ബസ് നിര്‍ത്തിച്ച് ഡ്രൈവറെ ശകാരിച്ചു. തുടര്‍ന്ന് ജെയ്മോന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. 
 
അതിന്റെഫലമായി സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചു. പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും മരുന്ന് കഴിക്കുന്നുണ്ടെന്നും സംഭവദിവസം ബസിന് മുന്നില്‍ സൂക്ഷിച്ചിരുന്ന കുപ്പികള്‍ കുടിവെള്ളം സൂക്ഷിക്കാന്‍ ഉപയോഗിച്ചതാണെന്നും ജെയ്മോന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍