ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത ബൈസണ്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ആദ്യദിനങ്ങളില്‍ കാര്യമായ കളക്ഷന്‍ ലഭിച്ചില്ലെങ്കിലും പിന്നീട് സിനിമയെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.ഇതിനകം തന്നെ നിരവധി പേരാണ് സിനിമയെ പ്രശംസിച്ച് രംഗത്ത് വന്നത്. ഇപ്പോഴിതാ മാരി സെല്‍വരാജ് സിനിമയെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനായ മണിരത്‌നം.
മണിരത്‌നത്തിന്റെ സന്ദേശം മാരി സെല്‍വരാജാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ബൈസണ്‍ കണ്ടു, താങ്കളുടെ സിനിമയില്‍ അഭിമാനിക്കുന്നു, ഒരുപാട് ഇഷ്ടമായി. താങ്കളാണ് യഥാര്‍ഥ ബൈസണ്‍ എന്നാണ് മാരി സെല്‍വരാജിനയച്ച സന്ദേശത്തില്‍ മണിരത്‌നം പറയുന്നത്. ഇത്തരം ശബ്ദങ്ങള്‍ ഉണ്ടാവേണ്ടത് പ്രധാനമാണെന്നും മണിരത്‌നം പറയുന്നു.
ജാതി അതിക്രമങ്ങളെയും അനീതിയേയും കബഡിയുടെ പശ്ചാത്തലത്തില്‍ പറയുന്ന സിനിമ ദേശീയ കബഡി താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ മനതി ഗണേശന്റെ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട സിനിമയാണ്. തിരുനെല്‍വേലിയില്‍ ഉണ്ടായ യഥാര്‍ഥ സംഭവങ്ങളാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്. ധ്രുവ് വിക്രമിനൊപ്പം പശുപതി, രജീഷ വിജയന്‍, അമീര്‍, ലാല്‍, അനുപമ പരമേശ്വരന്‍ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളില്‍ എത്തിയിട്ടുള്ളത്.