മലയാളികളുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് നവ്യ നായർ. നന്ദനം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നവ്യ പിന്നീട് മലയാള സിനിമയ്ക്ക് ഒഴിച്ചുകൂടാനാകാത്ത നടിയായി മാറി. നിരവധി മികച്ച സിനിമകൾ നവ്യ ചെയ്തിരുന്നു. പത്ത് വർഷത്തെ സിനിമാ ജീവിതത്തിനൊടുവിൽ വിവാഹിതയായ നവ്യ സിനിമ ഉപേക്ഷിച്ചു. പിന്നീട് വർഷങ്ങൾക്ക് ശേഷം ശക്തയായ തിരിച്ചുവരവ് നടത്തി.
രത്തീന സംവിധാനം ചെയ്ത പാതിരാത്രിയാണ് നവ്യയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. നവ്യയുടെ ആദ്യത്തെ പൊലീസ് വേഷം കൂടിയാണ് പാതിരാത്രിയിലേത്. ദീപാവലി റിലീസായി തിയറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് നേടുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ ഒരഭിമുഖത്തിൽ നവ്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്.
വിവാഹശേഷം സിനിമയിൽ അഭിനയിക്കാൻ വരുന്ന നായികമാരെക്കുറിച്ച് ആളുകൾക്കുള്ള മനോഭാവത്തെക്കുറിച്ചാണ് നവ്യ സംസാരിച്ചത്. അതോടൊപ്പം ഒരു നടിയെന്ന നിലയിൽ നേരിടേണ്ടി വന്ന വെല്ലുവിളിയെക്കുറിച്ചും നവ്യ തുറന്നു പറഞ്ഞു. നടന്മാർക്ക് എത്ര കുട്ടികളുണ്ടായാലും വിവാഹിതരായാലും പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന വിഭാഗത്തിൽ കാണാറില്ലെന്ന് നവ്യ ചൂണ്ടിക്കാട്ടുന്നു.
കല്യാണം കഴിഞ്ഞിട്ടും അഭിനയിക്കുന്നത് പലരും തിരിച്ചുവരവ് എന്ന രീതിയിൽ കാണുകയും ഇപ്പോൾ എന്താണ് മാറ്റം വന്നത് എന്നൊരു കണക്കുകൂട്ടലോടെ ഉറ്റുനോക്കുകയും ചെയ്യും. ഇപ്പോഴത്തെപ്പോലെ വിവാഹം ഒരു വലിയ സംഭവമായി എടുക്കാതെ, അതിനുശേഷം ഒരു ദീർഘമായ ഇടവേള ഉണ്ടാകാതെ തന്നെ കരിയർ തുടരുന്ന സമീപനം അന്ന് അത്ര സാധാരണമായിരുന്നില്ല.
എന്നാൽ, നായക നടന്മാരെക്കുറിച്ച് ആരും അങ്ങനെ ചിന്തിക്കാറില്ല. അവർക്ക് എത്ര കുട്ടികളുണ്ടായാലും വിവാഹിതരായാലും പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന വിഭാഗത്തിൽ കാണാറില്ല. സ്ത്രീകളുടെ കാര്യത്തിൽ അതിന് എതിർ രീതിയിലാണ് സമീപനം. ഒരു മോഡേൺ വേഷം ധരിച്ചാൽപ്പോലും അതിനെപ്പറ്റി അഭിപ്രായങ്ങൾ പറയും. ഒരു നടിയായി എനിക്ക് തോന്നിയിട്ടുള്ള ഏറ്റവും വലിയ വെല്ലുവിളി ഇതാണ്", -നവ്യ നായർ പറയുന്നു.