Vijay TVK: 'വിജയ് വന്നത് മുടിയൊന്നും ചീകാതെ, സ്ത്രീകളുടെ കാലിൽ വീണ് മാപ്പ് പറഞ്ഞു, ഒരുപാട് കരഞ്ഞു': അനുഭവം പറഞ്ഞ് യുവാവ്
ചെന്നൈ: കരൂരിൽ വെച്ച് നടന്ന തമിഴക വെട്രി കഴകത്തിന്റെ റാലിയ്ക്കിടെ ഉണ്ടായ ദുരന്തത്തിൽ മരണപ്പെട്ട ഇരകളുടെ കുടുംബത്തെ വിജയ് കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. കരൂരിൽ നടന്ന റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളെ മഹാബലിപുരത്തെ റിസോർട്ടിൽ വിളിച്ച് വരുത്തിയ ശേഷമായിരുന്നു വിജയ്‌യുടെ സന്ദർശനം.
ഓരോ കുടുംബത്തിൽ നിന്നും നാലോ അഞ്ചോ പേരാണ് വിജയ്‌യെ കാണാൻ എത്തിയത്. ഇവരെയെല്ലാം അദ്ദേഹം ആശ്വസിപ്പിച്ചു. വിജയ് കാലിൽ വീണ് മാപ്പ് പറഞ്ഞെന്നും തൊണ്ടയിടറിയാണ് സംസാരിച്ചതെന്നും കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീകൾ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. പതിഞ്ഞ ശബ്ദത്തിലായിരുന്നു സംസാരിച്ചത്, പല തവണ കരഞ്ഞു.
ഇതിനിടെ, കരൂർ അപകടത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട യുവതി വിജയ് നൽകിയ 20 ലക്ഷം നഷ്ടപരിഹാരത്തുക തിരിച്ചുനൽകി. അപകടമുണ്ടായ കരൂർ സന്ദർശിക്കാത്ത നടന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് യുവതി പണം തിരിച്ചുനൽകിയത്. നഷ്ടപരിഹാരത്തുക വന്ന അക്കൗണ്ടിലേക്ക് 20 ലക്ഷം തിരിച്ചിട്ടതായി രസീത് സഹിതം യുവതി മാധ്യമങ്ങളെ അറിയിച്ചു. കരൂരിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചയാളുടെ രമേശ് എന്നയാളുടെ ഭാര്യ കൊടങ്കിപ്പട്ടി സ്വദേശി സംഗവി പെരുമാളാണു (28 വയസ്) നടനെതിരെ രംഗത്തെത്തിയത്.