'കോമൺസെൻസ് ഇല്ലേ?, അപ്പോയിന്റ്മെന്റ് വാങ്ങാതെ വരരുത്': നെപ്പോളിയനോട് ചൂടായ വിജയ്, ബാലാജി പറഞ്ഞത്

നിഹാരിക കെ.എസ്

ബുധന്‍, 8 ഒക്‌ടോബര്‍ 2025 (16:43 IST)
കരൂരിൽ വിജയുടെ രാഷ്ട്രീയ പാർട്ടി നടത്തിയ റോഡ് ഷോ 41 പേരുടെ മരണത്തിലേക്ക് കലാശിച്ച സംഭവത്തിന് പിന്നാലെ നടന് നേരെ വിമർശനങ്ങൾ ശക്തമാകുന്നു. ഇതിനിടെ, അദ്ദേഹത്തിന്റെ ചില പഴയകാല വിവാദ കഥകളും ഇന്റർനെറ്റിൽ വീണ്ടും തല പൊക്കിയിരിക്കുകയാണ്.
 
പുറമെ കാണിക്കുന്ന അത്ര സൗമ്യനല്ല വിജയ് എന്നാണ്, അടുത്തിടെ നിർമ്മാതാവ് ബാലാജി പ്രഭു വെളിപ്പെടുത്തിയത്. അതിന് കാരണമായി അദ്ദേഹം വെളിപ്പെടുത്തിയത്, പോക്കിരി എന്ന സിനിമയുടെ സെറ്റിൽ വച്ച് വിജയ്‌യിൽ നിന്ന് നെപ്പോളിയൻ നേരിട്ട അപമാനമാണ്. താരത്തിന്റെ സുഖവിവരം തിരക്കാൻ എത്തിയ സീനിയർ നടനെ കാരവാനിൽ കയറ്റാൻ പോലും അദ്ദേഹം തയ്യാറായില്ല എന്ന് പ്രമുഖ നിർമ്മാതാവ് ഓർത്തെടുത്തു.
 
വർഷങ്ങൾക്ക് ശേഷം ഈ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയ ബാലാജി പ്രഭു, 'പോക്കിരി' ലൊക്കേഷനിൽ വച്ച് നെപ്പോളിയനെ വിജയ് ഏറെ അപമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി. "ലൊക്കേഷനിൽ എത്തിയ വിജയ്‌യുടെ സുഖവിവരം തിരക്കാൻ കാരവാനിലേക്ക് വന്നതാണ് നെപ്പോളിയൻ. എന്നാൽ താരത്തിന് ഒപ്പമുണ്ടായിരുന്നവർ അദ്ദേഹത്തെ അകത്തേയ്ക്ക് കയറ്റിയില്ല. "വിജയ്‌യോട് ഞാൻ കാണാൻ വന്നുവെന്ന് പറഞ്ഞാൽ മതി, അദ്ദേഹം എനിക്ക് തമ്പിയെ പോലെയാണ്," എന്ന് നെപ്പോളിയൻ താരത്തിന്റെ ടീമിനോട് പറഞ്ഞു," പ്രൊഡ്യൂസർ പറഞ്ഞു.
 
"നെപ്പോളിയനും തന്റെ ടീമും തമ്മിലുള്ള തർക്കം കേട്ട് വിജയ് പുറത്തെത്തി. അപ്പോൾ, "നോക്ക് തമ്പി, ഇവർ എന്നെ നിങ്ങളെ കാണാൻ വിടുന്നില്ല," എന്ന് നെപ്പോളിയൻ പറഞ്ഞു. പക്ഷെ വിജയ് എങ്ങനെ പ്രതികരിച്ചിരിക്കും എന്നാണ് നിങ്ങൾ കരുതുന്നത്? അതായിരുന്നു 'ബെസ്റ്റ്' റിയാക്ഷൻ. "സാർ... നിങ്ങൾക്ക് ഒരൽപം പോലും അറിവില്ലേ? ഒരു സെൻസ് ഇല്ലേ? ഞാൻ റെസ്റ്റ് എടുക്കുമ്പോൾ കാരവാനിന്റെ പുറത്തു നിന്ന് ബഹളം വയ്ക്കുകയാണോ? എന്താണ് നിങ്ങളുടെ വിചാരം? നിങ്ങൾ കാണാൻ വന്നാൽ ഉടനെ ഞാൻ നിന്ന് തരണോ?" എന്നൊക്കെ ചോദിച്ച് വിജയ് ആകെ ചൂടായി," ബാലാജി പ്രഭു വെളിപ്പെടുത്തി.
 
""അല്ല തമ്പി... നമ്മുടെ പയ്യനല്ലേ എന്നു വിചാരിച്ചു കാണാൻ വന്നതാണ്," എന്ന് നെപ്പോളിയൻ പറഞ്ഞു. അപ്പോൾ, "ഇങ്ങനെയൊന്നും പറയണ്ട കാര്യമില്ല. ആരാണ് നിങ്ങളുടെ പയ്യൻ? ആരാണ് നിങ്ങളുടെ തമ്പി? മേലാൽ ഇങ്ങനത്തെ വർത്തമാനം വേണ്ട," എന്നും പറഞ്ഞ് ഏതാണ്ട് ഇരുപതു പേർക്ക് മുന്നിൽ വച്ചാണ് ആ നടന്റെ വിജയ് അപമാനിച്ചത്. "ഇനി മേലാൽ എന്ത് കാര്യമാണെങ്കിലും അപ്പോയിന്റ്മെന്റ് വാങ്ങാതെ വരരുത്, ഇടക്കിടെ വന്ന് എന്നെ ശല്യം ചെയ്യരുത്," എന്നും അദ്ദേഹം താക്കീത് നൽകി," ബാലാജി അവകാശപ്പെട്ടു. 
 
വിജയ്‌യുമായുള്ള സുഖകരമല്ലാത്ത ബന്ധത്തെ കുറിച്ച് മുൻപ് നെപ്പോളിയൻ 'ശിവൻ ഡെയിലി ന്യൂസ്' യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. "വിജയ്‌യുമായി സഹകരിച്ചുകൂടെ എന്ന് പലരും ചോദിക്കാറുണ്ട്. അപ്പോൾ, എനിക്ക് ഒരു വിരോധവുമില്ല എന്നാണ് ഞാൻ പറയാറുള്ളത്. 'പോക്കിരി' സിനിമയുടെ സെറ്റിൽ വച്ച് വേദനിപ്പിക്കുന്ന ഒരു സംഭവം ഉണ്ടായി. അതിന് ശേഷം ഞാനും വിജയ്‍യും സംസാരിച്ചിട്ടില്ല, അത് കൊണ്ട് ഒന്നിച്ച് സിനിമകൾ ചെയ്യാറില്ല. അദ്ദേഹം എന്നോട് സംസാരിക്കുമെങ്കിൽ ഞാൻ സംസാരിക്കാൻ തയ്യാറാണ്. അദ്ദേഹം തയ്യാറാണോ എന്ന് അവിടെ ചോദിക്കണം," അന്ന് ദേവാസുരം നടൻ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍