കൊച്ചി: നവംബര്‍ മാസത്തില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ മത്സരവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷനായുള്ള ഉന്നതതല യോഗം ചേര്‍ന്നു.മത്സരം ലോകോത്തര നിലവാരത്തില്‍ നടത്തുന്നതിനായി സ്റ്റേഡിയത്തിലെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് യോഗത്തില്‍ നിര്‍ദേശിച്ചു. സ്റ്റേഡിയത്തിന്റെ സൗകര്യങ്ങള്‍ ഉയര്‍ത്തുന്നതോടൊപ്പം കര്‍ശനമായ സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തും.
മത്സരവുമായി ബന്ധപ്പെട്ട ഫാന്‍ മീറ്റ് സംഘടിപ്പിക്കുന്ന സാധ്യതകളെയും യോഗം പരിശോധിച്ചു. പാര്‍ക്കിംഗ്,ആരോഗ്യ സേവനങ്ങള്‍,ശുദ്ധജല വിതരണം,വൈദ്യുതി വിതരണം,മാലിന്യ സംസ്‌കരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാനാണ് തീരുമാനമായത്.മത്സരത്തിന്റെ വിജയകരമായ നടത്തിപ്പ് ഉറപ്പാക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപിത പ്രവര്‍ത്തനം വേണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. എല്ലാ ഒരുക്കങ്ങളുടെയും ഏകോപനം ഉറപ്പാക്കാന്‍ ഒരു ഐ.എ.എസ് ഓഫീസറെ നോമിനേറ്റ് ചെയ്യും.
സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയും ജില്ലാതലത്തില്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായുള്ള സമിതിയും പ്രവര്‍ത്തിക്കും.മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, വിവിധ വകുപ്പ് മേധാവികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.