Pinarayi Vijayan Birthday: പ്രായത്തെ തോല്‍പ്പിക്കുന്ന നിശ്ചയദാര്‍ഢ്യം; പിണറായി വിജയന് 80 വയസ്

രേണുക വേണു

ശനി, 24 മെയ് 2025 (07:41 IST)
Pinarayi Vijayan: കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനു ഇന്ന് എണ്‍പതാം ജന്മദിനം. 1945 മേയ് 24 ന് തലശ്ശേരിയിലെ പിണറായിയിലാണ് അദ്ദേഹത്തിന്റെ ജനനം. പതിവ് പോലെ ജന്മദിനത്തോട് അനുബന്ധിച്ച് പ്രത്യേക ആഘോഷങ്ങളൊന്നും ഇല്ല. വീട്ടില്‍ മധുരവിതരണം മാത്രമാണുണ്ടാവുക. 
 
മുണ്ടയില്‍ കോരന്റെയും ആലക്കണ്ടി കല്യാണിയുടെയും പതിനാല് മക്കളില്‍ ഏറ്റവും ഇളയവനാണ് പിണറായി വിജയന്‍. കേരള ചരിത്രത്തില്‍ ആദ്യമായി കാലാവധി പൂര്‍ത്തിയാക്കിയ ഒരു സര്‍ക്കാരിന് വോട്ടെടുപ്പിലൂടെ ഭരണത്തുടര്‍ച്ച ലഭിക്കുകയും മുഖ്യമന്ത്രിയായി തുടരുകയും ചെയ്ത ഏക രാഷ്ട്രീയ നേതാവെന്ന നേട്ടവും പിണറായി വിജയനു സ്വന്തം. ഇ.കെ.നായനാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ദിവസം കേരളത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന നേതാവും പിണറായി വിജയന്‍ തന്നെ. 
 
അതേസമയം ഔദ്യോഗിക രേഖയനുസരിച്ച് മാര്‍ച്ച് 21 നാണ് പിണറായിയുടെ ജന്മദിനം നല്‍കിയിരിക്കുന്നത്. എന്നാല്‍ തന്റെ ജന്മദിനം മേയ് 24 നാണെന്ന് പിണറായി തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. 2016 ല്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയ ദിവസം നടന്ന പത്രസമ്മേളനത്തിലാണ് പിണറായി തന്റെ ജന്മദിനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. എല്ലാവര്‍ക്കും മധുരം വിതരണം ചെയ്തായിരുന്നു വാര്‍ത്താസമ്മേളനത്തിന്റെ തുടക്കം. എല്‍ഡിഎഫ് അധികാരത്തിലെത്തിയതിന്റെ മധുരമാകുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ കരുതി. എന്നാല്‍, സംഗതി അതല്ല. തന്റെ ജന്മദിനമാണിന്നെന്ന് പിണറായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 
 
'മധുരം എന്ത് വകയാണെന്ന് പറയാന്‍ കഴിയോ ആര്‍ക്കെങ്കിലും? ഇന്നാണ് എന്റെ പിറന്നാള്‍. അത് ഇന്നേവരെ രഹസ്യമായി വച്ചതാണ്. പലരും എന്നോട് ചോദിച്ചിട്ടുണ്ട് എപ്പഴാണ് എന്നാണ് എന്റെ പിറന്നാള്‍ എന്ന്,' പിണറായി പറഞ്ഞു. 


ഔദ്യോഗിക രേഖകളില്‍ മാര്‍ച്ച് 21 അല്ലേ ജന്മദിനമെന്നായി മാധ്യമപ്രവര്‍ത്തകര്‍. അതിനുള്ള മറുപടിയും പിണറായി നല്‍കി. 'ഔദ്യോഗിക രേഖയനുസരിച്ച് 21-3-1944 (മാര്‍ച്ച് 21) ആണ് ജന്മദിനം. എന്നാല്‍ യഥാര്‍ഥത്തില്‍ 1120 ഇടവം പത്തിനാണ് പിറന്നാള്‍. അതായത് 1945 മേയ് 24 ന്,' പിണറായി വിജയന്‍ വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍