ആമസോണ്‍ വഴി ലാപ്ടോപ്പ് ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ലഭിച്ചത് മാര്‍ബിള്‍, പരാതിയില്‍ കമ്പനിയുടെ മറുപടി ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 23 മെയ് 2025 (19:04 IST)
പാലക്കാട്: ആമസോണ്‍ വഴി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത 40,000 രൂപയിലധികം വിലയുള്ള ലാപ്ടോപ്പിന് പകരം ലഭിച്ചത് മാര്‍ബിള്‍. പാലക്കാട് ഇളമ്പുലശ്ശേരിയിലെ വേണുഗോപാലിനാണ് മാര്‍ബിള്‍ കഷണം ലഭിച്ചത്. വേണുഗോപാലിന്റെ മരുമകന്‍ ഏപ്രില്‍ 26 നാണ് ആമസോണ്‍ വഴി 40,000 രൂപയിലധികം വിലമതിക്കുന്ന ലാപ്ടോപ്പിന് ഓര്‍ഡര്‍ നല്‍കിയത്. മെയ് 1 ന് അത് ഡെലിവറി ചെയ്തു. എന്നാല്‍, വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍, മെയ് 4 നാണ് പാക്കറ്റ് തുറന്നത്. 
 
പായ്ക്ക് തുറന്നപ്പോള്‍ ലാപ്ടോപ്പ് പെട്ടി അകത്ത് ഉണ്ടായിരുന്നില്ല പകരം മാര്‍ബിളാണ് ഉണ്ടായിരുന്നതെന്ന് വേണുഗോപാല്‍ പറഞ്ഞു. തുടര്‍ന്ന് ആമസോണ്‍ കമ്പനിയെ വിളിച്ചപ്പോള്‍, മെയ് 9-നകം അന്വേഷിച്ച് അറിയിക്കുമെന്നും അതിനുശേഷം പണം തിരികെ നല്‍കുമെന്നും പറഞ്ഞു. എന്നാല്‍, മെയ് 9-ന് വിളിച്ചപ്പോള്‍, സാധാരണ ഡെലിവറി രീതിയിലാണ് അയച്ചതെന്നും പണം തിരികെ നല്‍കില്ലെന്നും അവര്‍ വ്യക്തമാക്കി. 
 
ആമസോണ്‍ ഉപഭോക്തൃ കോടതിയെ അറിയിച്ചപ്പോള്‍ അവര്‍ ലാപ്ടോപ്പ് നിര്‍മ്മിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നില്ലെന്നും, ഇനം കൃത്യമായി ഡെലിവറി ചെയ്തിട്ടുണ്ടെന്നും, അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളില്‍ പരിമിതികളുണ്ടെന്നുമാണ് അറിയിച്ചത്. കമ്പനി ഡെലിവറി ചെയ്യുകയോ അല്ലെങ്കില്‍ അതിനായി ചെലവഴിച്ച പണം തിരികെ നല്‍കുകയോ ചെയ്യണമെന്നാണ് വേണുഗോപാല്‍ ആവശ്യപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍