സ്വര്‍ണ്ണ പാളി കാണാതായതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തില്‍ ദേവസ്വം വിജിലന്‍സ്; ശബരിമലയിലേത് ചെമ്പുപാളിയെന്ന് മഹ്‌സറില്‍ എഴുതി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 7 ഒക്‌ടോബര്‍ 2025 (10:23 IST)
സ്വര്‍ണ്ണ പാളി കാണാതായതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് നിഗമനത്തില്‍ ദേവസ്വം വിജിലന്‍സ്. 2019ലെ മഹസറില്‍ ശബരിമലയിലെ ചെമ്പുപാളികളാണെന്ന് എഴുതിയതില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, തിരുവാഭരണം കമ്മീഷണര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 
 
കേസില്‍ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഉടനെ യോഗം ചേരും. എഡിജിപി എച്ച് വെങ്കിടേഷ് ആണ് പ്രത്യേക അന്വേഷണ സംഘത്തെ നയിക്കുന്നത്. അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നില്‍ പ്രതിപക്ഷനേതാവിന്റെ ഇടപെടല്‍ സംശയിക്കുന്നുവെന്ന് ദേവസ്വംമന്ത്രി വി എന്‍ വാസവന്‍. ഇരുവര്‍ക്കും ഒരേ സ്വരമാണെന്നും ഗൂഢാലോചന സംശയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ശബരിമല സ്വര്‍ണ്ണ പാളി മോഷണത്തില്‍ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ദേവസ്വംമന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.
 
ഒരു തരി പൊന്നെടുത്തിട്ടുണ്ടെങ്കില്‍ അത് തിരികെ വൈപ്പിക്കുമെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി എന്തുപറയുന്നു അതുതന്നെ പ്രതിപക്ഷ നേതാവും പറയുന്നുവെന്നും ഇവര്‍ തമ്മിലുള്ള ബന്ധം അന്വേഷിക്കുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു. കോണ്‍ഗ്രസിന്റെ വിശ്വാസ സംഗമം അയ്യപ്പ സംഗമത്തെ അനുകരിക്കുന്നതാണെന്നും ആക്ഷേപിച്ചവര്‍ ഇപ്പോള്‍ പരിപാടി നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍