'എനിക്ക് ലോകയോടൊ, കാന്താരയോടോ അസൂയ ഒന്നും ഇല്ല, അയൽവീട്ടുകാർ സുഖമായി ജീവിക്കുന്നത് കാണുമ്പോൾ ഉള്ള ആനന്ദം മാത്രം. എന്നാൽ എന്റെ തമിഴ് സിനിമയ്ക്ക് ഇപ്പൊ ഒട്ടും നല്ല അവസ്ഥയല്ല എന്നോർക്കുമ്പോൾ ആശങ്കയുണ്ട്. വലിയ പാൻ ഇന്ത്യൻ എന്നും ബ്രഹ്മാണ്ഡ നിർമ്മാണമെന്നുമൊക്കെ പറഞ്ഞു ബിൽഡപ്പ് മാത്രമാണ് ഇപ്പോൾ തമിഴിലുള്ളത്.
ഈ വർഷം 200 ലധികം ചിത്രങ്ങൾ റീലിസ് ചെയ്തിട്ട് ആകെ വിജയമായത് ടൂറിസ്റ്റ് ഫാമിലി, ഡ്രാഗൺ, തലൈവൻ തലൈവി, ഗുഡ് ബാഡ് അഗ്ളി പോലുള്ള വിരലിൽ എണ്ണാവുന്ന ചിത്രങ്ങളാണ്. ആളുകൾ തിയറ്ററിലേക്ക് വരാൻ മടിക്കുന്നത് കൊണ്ടല്ല, നല്ല സിനിമകൾ വരാത്തത്കൊണ്ട് തന്നെയാണ് ഇത്ര വലിയൊരു ദുരിതം തമിഴ് സിനിമ വ്യവസായത്തിനുണ്ടായത്. സിനിമയ്ക്ക് നല്ല കഥ ഉണ്ടെങ്കിൽ തന്നെ ആളുകൾ എത്തും അല്ലാതെ ബഡ്ജറ്റ് കൂട്ടിയിട്ട് കാര്യമില്ല.
ഈ വർഷം വിജയിച്ച സിനിമകൾ നോക്കിയാൽ എല്ലാം ചെറിയ ബജറ്റ് ചിത്രങ്ങളാണ്, പക്ഷെ അവയുടെ കഥ വളരെ മികച്ചതാണ്. ചിലർ വ്യത്യസ്തമായ പ്രമേയത്തിന് വേണ്ടി കൊറിയൻ ചിത്രങ്ങൾ ഇരുന്നു കാണുന്നുണ്ട്, എന്നാൽ അവയൊന്നും തമിഴ് സംസ്കാരത്തിന് യോജിക്കുന്ന രീതിയിൽ പരിഭാഷപ്പെടുത്താൻ അവർക്ക് സാധിക്കുന്നില്ല. തമിഴ് സിനിമയ്ക്ക് അനുയോജ്യമായി ജീവൻ ഉള്ള കഥകൾ കൊണ്ടുവന്നാൽ തിയേറ്ററിൽ സിനിമ നന്നായി ഓടും,' ടി രാജേന്ദർ പറഞ്ഞു.