കൊച്ചി വാട്ടര്‍ മെട്രോ പുതിയ ടെര്‍മിനലുകള്‍ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

അഭിറാം മനോഹർ

ബുധന്‍, 8 ഒക്‌ടോബര്‍ 2025 (15:11 IST)
കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയുടെ മട്ടാഞ്ചേരി, വില്ലിംഗ്ഡണ്‍ ഐലന്റ് ടെര്‍മിനലുകള്‍ ഒക്ടോബര്‍ 11-ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മട്ടാഞ്ചേരി ടെര്‍മിനലില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും.ചടങ്ങില്‍ കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, എംപി ഹൈബി ഈഡന്‍, എംഎല്‍എമാരായ കെ.ജെ. മാക്സി, ടി.ജെ. വിനോദ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ ടി. പത്മകുമാരി, കെ.എ. ആന്‍സിയ തുടങ്ങിയവര്‍ പങ്കെടുക്കും.
 
ഏകദേശം 38 കോടി രൂപ ചെലവില്‍ പണികഴിപ്പിച്ച രണ്ട് ടെര്‍മിനലുകള്‍ ചേര്‍ന്നതോടെ വാട്ടര്‍ മെട്രോ ടെര്‍മിനലുകളുടെ എണ്ണം 12 ആയി. പൈതൃക സവിശേഷതയാര്‍ന്ന 8000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മട്ടാഞ്ചേരി ടെര്‍മിനല്‍, ഡച്ച് പാലസിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. പഴയ ഫെറി ടെര്‍മിനലിനോട് ചേര്‍ന്നാണ് 3000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വില്ലിംഗ്ഡണ്‍ ഐലന്റ് ടെര്‍മിനല്‍ നിര്‍മ്മിച്ചിരിക്കുന്നത്.പൈതൃക സമ്പത്ത് സംരക്ഷണം മുന്‍നിറുത്തി രണ്ട് ടെര്‍മിനലുകളും വെള്ളത്തിന് മേലെയാണ് പണികഴിപ്പിച്ചിരിക്കുന്നത്. സ്ഥലത്തെ വൃക്ഷങ്ങളും പ്രകൃതിദൃശ്യങ്ങളും പരമാവധി സംരക്ഷിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. മട്ടാഞ്ചേരിയുടെയും വില്ലിംഗ്ഡണ്‍ ഐലന്റിന്റെയും ചരിത്ര പൈതൃകത്തിന് അനുസൃതമായ ആര്‍ക്കിടെക്ചര്‍ ഡിസൈന്‍ മാതൃകകള്‍യാണ് ഇവിടെ പ്രയോഗിച്ചത്.
 
വാട്ടര്‍ മെട്രോയുടെ പുതിയ ടെര്‍മിനലുകള്‍ തുറന്നതോടെ ഈ പ്രദേശങ്ങളിലെ വാണിജ്യ, ടൂറിസം, ബിസിനസ് മേഖലകള്‍ക്ക് പുതുജീവനാകും നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍