ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

അഭിറാം മനോഹർ

ബുധന്‍, 29 ഒക്‌ടോബര്‍ 2025 (18:17 IST)
വാണിജ്യബന്ധത്തിന് പുറമെ ബംഗ്ലാദേശുമായി പ്രതിരോധ, രഹസ്യാന്വേഷണ രംഗത്തും സഹകരണം ശക്തിപ്പെടുത്താനൊരുങ്ങി പാകിസ്ഥാന്‍. ധാക്കയിലെ പാകിസ്ഥാന്‍ ഹൈക്കമീഷന്‍ കാര്യാലയത്തില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ പ്രത്യേക സെല്ലിന് രൂപം നല്‍കിയതായാണ് ഇന്ത്യന്‍ ഇന്റലിജന്‍സിന് ലഭിച്ചിട്ടുള്ള വിവരം.
 
പാകിസ്ഥാന്‍ സൈന്യത്തിന്റെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മീഷന്‍ ചെയര്‍മാന്‍ ജനറന്‍ ഷഹീര്‍ ഷംസാദ് മിര്‍സ 4 ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബംഗ്ലാദേശില്‍ എത്തിയിരുന്നു. സന്ദര്‍ശനത്തിന്റെ ഭാഗമായി ബംഗ്ലാദേശിലെ കര,നാവിക, വ്യോമ സേനാ മേധാവിമാരുമായും ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യുനുസുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു.ബംഗ്ലാദേശി രഹസ്യാന്വേഷണ ഏജന്‍സിയുമായും ചര്‍ച്ചകള്‍ നടന്നതായാണ് ഇന്ത്യന്‍ ഇന്റലിജന്‍സിന് ലഭിച്ചിട്ടുള്ള വിവരം.
 
 ഇരുരാജ്യങ്ങളിലെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ പരസ്പരം വിവരങ്ങള്‍ കൈമാറുമെന്നാണ് വിവരം. ബംഗാള്‍ ഉള്‍ക്കടലില്‍ തങ്ങളുടെ ചാരക്കണ്ണ് വ്യാപിപ്പിച്ച് ഇന്ത്യയുടെ കിഴക്കന്‍ തീരത്തെയും വ്യോമമേഖലയേയും നിരീക്ഷിക്കാനാണ് പാക് നീക്കം. ഇതിന് പകരമായി ബംഗ്ലാദേശ് സൈന്യത്തിന് സാങ്കേതിക സഹായം, പരിശീലനം, ആയുധങ്ങള്‍ എന്നിവ പാകിസ്ഥാന്‍ കൈമാറും.
 
ഷെയ്ഖ് ഹസീന സര്‍ക്കാരിനെ അട്ടിമറിച്ച പ്രക്ഷോഭത്തിന് പിന്നാലെയാണ് ബംഗ്ലാദേശിന്റെ വിദേശനയത്തില്‍ കാര്യമായ വ്യതിചലനം സംഭവിച്ചത്. മുഹമ്മദ് യൂനുസിന്റെ ഇടക്കാല സര്‍ക്കാര്‍ പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പ്രതിരോധസഹകരണം ഇരു രാജ്യങ്ങളും മെച്ചപ്പെടുത്തുന്നത്. മേഖലയിലെ സംഭവവികാസങ്ങളെ സസൂക്ഷ്മമായാണ് ഇന്ത്യ നിരീക്ഷിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍