40 മിനിറ്റിൽ എല്ലാം മാറ്റിമറിച്ച് ട്രംപ്, ചൈനയ്ക്കുള്ള തീരുവ 47 ശതമാനമാക്കി, അമേരിക്ക സുഹൃത്തെന്ന് ഷി ജിൻപിങ്
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ദക്ഷിണക്കൊറിയയില്‍ വെച്ച് നടന്ന കൂടിക്കാഴ്ച യുഎസിന് അനുകൂലമാക്കി മാറ്റി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റെയര്‍ എര്‍ത്ത് കയറ്റുമതി നിരോധനം ഒരു വര്‍ഷത്തേക്ക് മരവിപ്പിക്കാമെന്ന് ചര്‍ച്ചയ്ക്ക് ശേഷം ചൈനീസ് പ്രസിഡന്റ് സമ്മതിച്ചു. അമേരിക്കയില്‍ നിന്നും സോയാബീന്‍ വാങ്ങുന്നത് തുടരും.കഴിഞ്ഞ ഏതാനും മാസങ്ങളായി ചൈന അമേരിക്കയില്‍ നിന്നുള്ള സോയാബിന്‍ ഇറക്കുമതി നിര്‍ത്തലാക്കിയിരുന്നു.
ചൈനയുടെ ഈ തീരുമാനങ്ങള്‍ക്ക് പകരമായി ചൈനീസ് ഫെന്റാനിലിന് മുകളില്‍ യുഎസ് ഏര്‍പ്പെടുത്തിയിരുന്ന ഇറക്കുമതി തീരുവ 20ല്‍ നിന്നും 10 ശതമാനമാക്കി കുറച്ചു. മൊത്തം ഇറക്കുമതി തീരുവ 57ല്‍ നിന്നും 47 ആക്കി കുറച്ചു. 6 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ട്രംപും ഷി ജിന്‍പിങ്ങും തമ്മില്‍ ചര്‍ച്ച നടന്നത്. 40 മിനിറ്റ് നേരമായിരുന്നു കൂടിക്കാഴ്ച. യുഎസും ചൈനയും സുഹൃത്തുക്കളും പങ്കാളികളുമാണെന്ന് ഷി ജിന്‍പിങ്ങ് പ്രതികരിച്ചു. കൂടിക്കാഴ്ചയ്ക്ക് ഇരുനേതാക്കളും കൈകൊടുത്തെങ്കിലും ഒരുമിച്ചുള്ള പൊതുപ്രസ്താവനയ്ക്ക് തയ്യാറായില്ല.