Pinarayi Vijayan Government: രണ്ടാം പിണറായി സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പഴികേട്ടത് ഒന്നാം പിണറായി സര്‍ക്കാരിനെ പോലെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു ഊന്നല്‍ നല്‍കുന്നില്ല എന്നതിന്റെ പേരിലാണ്. ഫെഡറല്‍ മര്യാദകളെല്ലാം ലംഘിച്ച് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി വരിഞ്ഞുമുറുക്കിയപ്പോള്‍ രണ്ടാം പിണറായി സര്‍ക്കാരിനു ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ സാധിച്ചില്ലെന്നതും വസ്തുതയാണ്. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയും മറികടന്ന് കേരളം പ്രതീക്ഷയോടെ കുതിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
ക്ഷേമ പെന്‍ഷന്‍ 400 രൂപ വര്‍ധിപ്പിച്ച് രണ്ടായിരം ആക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിപക്ഷത്തെ അസ്വസ്ഥമാക്കിയിരിക്കുകയാണ്. നവകേരള പിറവിയെന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് പെന്‍ഷന്‍ അടക്കമുള്ള ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കു സര്‍ക്കാര്‍ കൂടുതല്‍ തുക അനുവദിച്ചത്. കേന്ദ്രം ഞെരുക്കുമ്പോഴും ചിട്ടയായ മണി മാനേജ്‌മെന്റിലൂടെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.
1980 ല്‍ ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരിക്കെയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ കൊണ്ടുവരുന്നത്. 45 രൂപയായിരുന്നു അന്നത്തെ പെന്‍ഷന്‍ തുക. 1982-87 കാലയളവില്‍ കേരളം ഭരിച്ച കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തിനിടെ ഒരു രൂപ പോലും പെന്‍ഷന്‍ വര്‍ധിപ്പിച്ചില്ല. പിന്നീട് 1987 ല്‍ അധികാരത്തിലെത്തിയ നായനാര്‍ സര്‍ക്കാര്‍ ആണ് 45 രൂപയായിരുന്ന ക്ഷേമ പെന്‍ഷന്‍ 15 രൂപ വര്‍ധിപ്പിച്ച് 60 രൂപയാക്കിയത്.
1991-96 കാലയളവില്‍ കേരളം ഭരിച്ചത് യുഡിഎഫ് സര്‍ക്കാരാണ്. കരുണാകരനും എ.കെ.ആന്റണിയും മുഖ്യമന്ത്രി കസേരയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുകയെന്ന അജണ്ട കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഈ സര്‍ക്കാരിനു ഉണ്ടായിരുന്നില്ല.
1996-2001 കാലയളവില്‍ ഇ.കെ.നായനാര്‍ നേതൃത്വം നല്‍കിയ ഇടതുപക്ഷ സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ 60 രൂപ കൂടി വര്‍ധിപ്പിച്ച് 120 ലേക്ക് എത്തിച്ചു. 2001-2006 കാലയളവില്‍ യുഡിഎഫ് സര്‍ക്കാര്‍ ഭരിച്ചെങ്കിലും മുന്‍പത്തെ പോലെ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കാതെ കളം ഒഴിഞ്ഞു. എ.കെ.ആന്റണിയും ഉമ്മന്‍ചാണ്ടിയും ആയിരുന്നു ഈ കാലയളവില്‍ മുഖ്യമന്ത്രിമാര്‍. മാത്രമല്ല പെന്‍ഷന്‍ മാസങ്ങളോളം കുടിശിക വരുത്തുകയും ചെയ്തു.
2006 ല്‍ അധികാരത്തിലെത്തിയ വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരാണ് 120 രൂപയായിരുന്ന ക്ഷേമ പെന്‍ഷന്‍ 380 രൂപ കൂട്ടി 500 ലേക്ക് എത്തിച്ചത്. 2011 ല്‍ ഈ സര്‍ക്കാരിന്റെ കാലാവധി കഴിയുമ്പോള്‍ ഒരു മാസത്തെ പെന്‍ഷന്‍ പോലും കുടിശിക ആയിരുന്നില്ല. മാത്രമല്ല മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പെന്‍ഷന്‍ കുടിശിക മുഴുവന്‍ കൊടുത്തു തീര്‍ക്കുകയും ചെയ്തു. 2011-2016 കാലയളവില്‍ ഭരിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ക്ഷേമ പെന്‍ഷന്‍ 600 രൂപയാകുന്നത്.
2016 ല്‍ അധികാരത്തിലെത്തിയ പിണറായി വിജയന്‍ സര്‍ക്കാര്‍ ക്ഷേമ പെന്‍ഷനെ വലിയ പ്രാധാന്യത്തോടെ കണ്ടു. 2011 ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലാവധി കഴിയുമ്പോള്‍ ക്ഷേമ പെന്‍ഷന്‍ തുക 1600 ലേക്ക് എത്തിയിരുന്നു. അതായത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒഴിയുമ്പോള്‍ 600 ആയിരുന്നത് അഞ്ച് വര്‍ഷം കൊണ്ട് 1000 വര്‍ധിപ്പിക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാരിനു സാധിച്ചു.
2021 ല്‍ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനമാണ് ക്ഷേമ പെന്‍ഷന്‍ 2000 ത്തിലേക്ക് എത്തിക്കുമെന്നത്. സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ഇനിയും ആറ് മാസത്തിലേറെ ശേഷിക്കുമ്പോള്‍ പറഞ്ഞ വാക്ക് സാധ്യമാക്കി ജനങ്ങളുടെ വിശ്വാസം കാക്കാന്‍ പിണറായി വിജയനും ഇടതുപക്ഷ സര്‍ക്കാരിനും സാധിച്ചു.