പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നത് പുനഃപരിശോധിക്കുമെന്ന കേരളത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 30 ഒക്‌ടോബര്‍ 2025 (10:34 IST)
പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നത് പുനഃപരിശോധിക്കുമെന്ന കേരളത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പിഎം ശ്രീപദ്ധതിയില്‍ നിന്ന് പിന്മാറാന്‍ കേരളം തീരുമാനിച്ചാല്‍ സമഗ്ര ശിക്ഷ അഭിയാന്റെ ഫണ്ട് തടയാന്‍ കേന്ദ്രത്തിന് കഴിയും. പഞ്ചാബിനും സമാനമായി കേന്ദ്ര ഫണ്ട് തടഞ്ഞിരുന്നു. പിഎം ശ്രീ നിന്ന് പിന്മാറുന്നുവെന്ന് പഞ്ചാബ് അറിയിച്ചതിന് പിന്നാലെ എസ്എസ് ഏയ്ക്കുള്ള ഫണ്ട് കേന്ദ്രം നടന്നിരുന്നു.
 
515 കോടി രൂപ തടഞ്ഞതോടെ 2024 ജൂലൈ 26ന് പദ്ധതിയില്‍ ചേരാന്‍ പഞ്ചാബ് സന്നദ്ധത അറിയിച്ചു. പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാം എന്നല്ലാതെ പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന്‍ സംസ്ഥാന സര്‍ക്കാരിനാവില്ല. കരാര്‍ റദ്ദാക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിന് മാത്രമാണുള്ളത്.
 
പദ്ധതിക്കെതിരെ സിപിഐ കടുത്ത നിലപാടെടുത്തതോടെ സിപിഎം മുട്ടുമടക്കുകയായിരുന്നു. പിഎം ശ്രീ ധാരണ പത്രം റദ്ദാക്കാന്‍ കേന്ദ്രത്തിന് കത്ത് നല്‍കും. വിഷയം ചര്‍ച്ച ചെയ്യാനായി മുന്നണിയോഗം ഉടന്‍ വിളിക്കും. പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ വിമര്‍ശനം തുടരുന്നതിനിടയിലാണ് സിപിഎമ്മിന്റെ നീക്കം.
 
എം എ ബേബി വിഷയത്തില്‍ ഇടപെട്ടിരുന്നുവെന്നും ബിനോയ് വിശ്വവുമായി ഫോണില്‍ സംസാരിച്ചു എന്നുമാണ് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രി അറിയിച്ച കാര്യങ്ങള്‍ തന്നെയാണ് എം എ ബേബി ആവര്‍ത്തിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കൂടിയായ ബിനോയ് വിശ്വം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍