രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി കെഎസ്ആര്‍ടിസി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 30 ഒക്‌ടോബര്‍ 2025 (20:57 IST)
രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി കെഎസ്ആര്‍ടിസി മാറിയതായി ഗതാഗത വകുപ്പ് മന്ത്രി  കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ എട്ട് പ്രധാന പദ്ധതികളുടെ ഉദ്ഘാടനം കെഎസ്ആര്‍ടിസി ചീഫ് ഓഫീസില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍, എ ഐ ഷെഡ്യൂളിംഗ് സംവിധാനം, തീര്‍ത്ഥാടന ടൂറിസം പദ്ധതി, റോളിങ്ങ് ആഡ്‌സ് പരസ്യ മോഡ്യൂള്‍, വാഹന പുക പരിശോധനാ കേന്ദ്രം, ഹാപ്പി ലോംഗ് ലൈഫ് സൗജന്യയാത്ര കാര്‍ഡ് വിതരണം, ദീര്‍ഘദൂര ബസുകളിലെ യാത്രക്കാരായ കുട്ടികള്‍ക്കുള്ള ഗിഫ്റ്റ് ബോക്സ് വിതരണം, കെഎസ്ആര്‍ടിസിയിലെ വനിതാ ജീവനക്കാര്‍ക്കായി സൗജന്യ ക്യാന്‍സര്‍ രോഗ നിര്‍ണ്ണയം എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്തു.
 
കെഎസ്ആര്‍ടിസി സാങ്കേതികമായി വന്‍ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. എ ഐ അധിഷ്ഠിത ഡിജിറ്റലൈസേഷനിലൂടെ കെഎസ്ആര്‍ടിസിയിലെ എല്ലാ സംവിധാനങ്ങളും ഒറ്റ ഡാഷ്ബോര്‍ഡില്‍ ഏകോപിപ്പിച്ചു. സ്ഥാപനത്തിന്റെ അക്കൗണ്ട്സ്, കൊറിയര്‍, സ്‌പെയര്‍ പാര്‍ട്സ് വാങ്ങല്‍, റീ ഓര്‍ഡറിങ്, ഡിസ്ട്രിബ്യൂഷന്‍, ബജറ്റ് ടൂറിസം, എസ്റ്റേറ്റ് വാടക പിരിക്കല്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഡിജിറ്റല്‍ യൂണിവേഴ്സിറ്റി, സ്റ്റാര്‍ട്ടപ്പ് മിഷന്‍ എന്നിവയുടെ സാങ്കേതിക നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഇതിനായുള്ള സോഫ്റ്റ്വെയര്‍ കെഎസ്ആര്‍ടിസിയ്ക്ക് വേണ്ടി പ്രത്യേകമായി വികസിപ്പിച്ചതാണെന്ന് മന്ത്രി പറഞ്ഞു.
 
കെഎസ്ആര്‍ടിസിയില്‍ സജീവമായ അനവധി വികസന മാറ്റങ്ങള്‍ നടപ്പിലാക്കി വരികയാണ്. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ തീര്‍ത്ഥാടന ടൂറിസം പദ്ധതി മന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു. ആദ്യഘട്ടത്തില്‍ കേരളം തമിഴ്നാട് സംസ്ഥാനങ്ങളിലെ പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കണക്റ്റ് ചെയ്താണ് സേവനം തുടങ്ങുന്നത്. കെഎസ്ആര്‍ടിസിയില്‍ എംപാനല്‍ ചെയ്ത് പരസ്യം മാര്‍ക്കറ്റ് ചെയ്ത് നല്‍കുന്നവര്‍ക്ക് 10 ശതമാനം പരസ്യ കമ്മീഷനായി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍