നാലര കൊല്ലത്തിനിടെ ഒരു രൂപ കൂട്ടിയില്ല, തെരെഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളെ വിഡ്ഡികളാക്കുന്നുവെന്ന് വി ഡി സതീശൻ

അഭിറാം മനോഹർ

വ്യാഴം, 30 ഒക്‌ടോബര്‍ 2025 (13:16 IST)
പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതിനെ തുടര്‍ന്ന് വെള്ളത്തില്‍ വീണ സര്‍ക്കാര്‍ രക്ഷപ്പെടാനായാണ് സാമൂഹിക പെന്‍ഷന്‍ വര്‍ധിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒപ്പ് വെച്ച ശേഷം പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. യഥാര്‍ഥത്തില്‍ സ്‌കീമില്‍ ഒപ്പുവെയ്ക്കുന്നതിന് മുന്‍പാണ് പരിശോധിക്കേണ്ടത്. സമയക്രമം പോലും പ്രഖ്യാപിക്കാതെ ഉപസമിതി നിശ്ചയിച്ചത് സിപിഐയെ കബളിപ്പിക്കാനാണെന്നും സതീശന്‍ പറഞ്ഞു.
 
 സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ എന്തുകൊടുത്താലും സ്വാഗതം ചെയ്യും. തെരെഞ്ഞെടുപ്പിന് മുന്‍പ് ക്ഷേമ പെന്‍ഷന്‍ 2,500 ആക്കുമെന്ന് പറഞ്ഞ സ്ഥാനത്ത് നാലര വര്‍ഷം ഒരു രൂപയും കൂട്ടിയില്ല. തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തപ്പോള്‍ 400 രൂപ കൂട്ടിയത് ആരെ കബളിപ്പിക്കാനാണെന്നും വി ഡി സതീശന്‍ ചോദിച്ചു.
 
നാലരക്കൊല്ലക്കാലം ക്ഷേമ പെന്‍ഷനില്‍ ഒന്നും ചെയ്തില്ല. തെരെഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കാനിരിക്കെ പെന്‍ഷന്‍ 400 രൂപ കൂട്ടിയത് ആരെ കബളിപ്പിക്കാനാണ്. നാലര വര്‍ഷം മുന്‍പ് പ്രഖ്യാപനമുണ്ടായിരുന്നെങ്കില്‍ ഒരാള്‍ക്ക് 52,000 രൂപ വീതം നല്‍കേണ്ടതായിരുന്നു. പെന്‍ഷന്‍ വര്‍ധനവിനെ എതിര്‍ക്കില്ല. എന്നാല്‍ തെരെഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് 2,000 രൂപയാക്കിയത്. പ്രഖ്യാപിച്ച 2,500 ആക്കാമായിരുന്നില്ലെ, അത് ആക്കിയില്ല. വി ഡി സതീശന്‍ പറഞ്ഞു.
 
 ആശ വര്‍ക്കര്‍മാരുടെ സമരത്തെ പരിഹസിച്ച സര്‍ക്കാര്‍ ഇപ്പോള്‍ ഓണറേറിയം 1000 രൂപ കൂട്ടി. നിലവില്‍ അവര്‍ക്ക് 233 രൂപ വീതമാണ് ലഭിക്കുന്നത്.എല്ലാ ദിവസവും 700 രൂപയാണ് അവര്‍ ആവശ്യപ്പെട്ടത്.ഇപ്പോള്‍ 33 രൂപ കൂടുതല്‍ കൊടുത്തിരിക്കുകയാണ്. ഇത് എന്താണ്. വിഷയത്തെ ഗൗരവത്തോടെ കണ്ട് ഓണറേറിയം കൂട്ടി കൊടുക്കണം. ക്ഷേമനിധിയായി 2500 കോടി രൂപ കൊടുക്കാനുള്ളത് കൊടുത്തിട്ടില്ല. ക്ഷേമനിധി പെന്‍ഷന്‍ 18,19 മാസമായി മുടങ്ങികിടക്കുകയാണ്. വി ഡി സതീശന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍