പിഎം ശ്രീ ഒപ്പിട്ടതില്‍ എല്‍ഡിഎഫിലെ ഏറ്റുമുട്ടല്‍ തുടരുന്നു; മുന്നണി മര്യാദ പോലും സിപിഎം മറന്നത് നിസ്സാരമായി കാണാനാവില്ലെന്ന് ബിനോയ് വിശ്വം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 27 ഒക്‌ടോബര്‍ 2025 (08:57 IST)
പിഎം ശ്രീ ഒപ്പിട്ടതില്‍ എല്‍ഡിഎഫിലെ ഏറ്റുമുട്ടല്‍ തുടരുന്നു. സാമാന്യ മുന്നണി മര്യാദ പോലും സിപിഎം മറന്നത് നിസ്സാരമായി കാണാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ആര്‍എസ്എസ് അജണ്ട ഒളിച്ചു കടത്താനുള്ള സംവിധാനമാണ് പി എം ശ്രീ എന്നും അങ്ങനെ ഒന്നിന്റെ വ്യവസ്ഥ അംഗീകരിച്ച സര്‍ക്കാര്‍ അതില്‍ കക്ഷിയായാല്‍ രാജ്യമെമ്പാടും ഇടതുപക്ഷത്തിന്റെ പോരാട്ടങ്ങള്‍ ദുര്‍ബലപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
 
മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. മുന്നണി മര്യാദ ഒരു ഭംഗി വാക്കല്ലെന്നും ഞങ്ങള്‍ക്ക് മാത്രമല്ല എല്ലാ പാര്‍ട്ടികള്‍ക്കും മുന്നണിയില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ അവകാശം ഉണ്ടെന്നും ഭാവി തലമുറയെയും ഇന്ത്യന്‍ രാഷ്ട്രീയത്തെയും ബാധിക്കുന്ന വിഷയത്തില്‍ സാമാന്യ മര്യാദ പോലും സിപിഎം മറന്നത് നിസ്സാരമായി കാണാന്‍ ആവില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്തിനാണ് രഹസ്യമായി ഒപ്പിട്ടതെന്ന് ഞങ്ങള്‍ക്കറിയില്ല. വിഷയത്തില്‍ തീരുമാനമെടുക്കുമ്പോള്‍ ആദ്യം മന്ത്രിസഭ അറിയണമെന്നും അദ്ദേഹം പറഞ്ഞു.
 
മന്ത്രിസഭയെ അവഗണിച്ച് എല്‍ഡിഎഫിനെ ഇരുട്ടില്‍ നിര്‍ത്തിയാണ് ഒപ്പിട്ടത്. ഇത് ഉള്‍ക്കൊള്ളാനാകുന്ന പ്രവര്‍ത്തന ശൈലി അല്ല എന്നും അദ്ദേഹം പറഞ്ഞു. ആശയം ഇല്ലാത്ത എല്‍ഡിഎഫ് ഒരു വലതുപക്ഷ രാഷ്ട്രീയമാണെന്നും ആശയം പണം പണയം വയ്ക്കാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍