കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി സിപിഎം വേദിയില്‍

രേണുക വേണു

വ്യാഴം, 2 ഒക്‌ടോബര്‍ 2025 (10:33 IST)
യുവ കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി റിനി ആന്‍ ജോര്‍ജ് സിപിഎം വേദിയില്‍. കോണ്‍ഗ്രസ് അനുകൂലിയായ റിനി പറവൂരില്‍ സിപിഎം നടത്തിയ പ്രതിഷേധ യോഗത്തിലാണ് പങ്കെടുത്തത്. സ്ത്രീകളെ സ്മാര്‍ത്തവിചാരം ചെയ്യുന്നവരുടെ കൂട്ടമാണ് റിനി വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയെന്ന് വിമര്‍ശിച്ച കെ.ജെ.ഷൈന്‍ റിനിയെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്തു. മുന്‍ മന്ത്രി കെ.കെ.ഷൈലജയാണ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തത്.
 
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി വളരെ അടുത്ത ബന്ധമുള്ള റിനി കോണ്‍ഗ്രസ് അനുകൂല പരിപാടികളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് എംഎല്‍എ കൂടിയായ യുവനേതാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായ കാര്യം റിനി വെളിപ്പെടുത്തിയത്. ' ഒരു യുവനേതാവില്‍ നിന്ന് ചില മോശമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നു. അത് ഞാന്‍ തുറന്നുപറഞ്ഞു, പക്ഷേ ആ പ്രസ്ഥാനത്തെ ദുഃഖിപ്പിക്കേണ്ടെന്ന് കരുതി ആ നേതാവിന്റെ പേരു പറഞ്ഞില്ല. ആരെയും വേദനിപ്പിക്കാനോ തകര്‍ക്കാനോ ഉദ്ദശ്യമുണ്ടായിരുന്നില്ല. എന്നാല്‍ അതിനു പിന്നാലെ കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നു,' റിനി പറഞ്ഞു. 
 
വളരെ പ്രധാനപ്പെട്ട അധികാരസ്ഥാനത്ത് ഇരിക്കുന്ന നേതാവില്‍ നിന്ന് തനിക്കു ദുരനുഭവം ഉണ്ടായെന്നാണ് നടി മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. തനിക്കു അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും മോശമായി പെരുമാറിയെന്നും നടി ആരോപിച്ചു. ' ഞാന്‍ പറഞ്ഞല്ലോ, അയാള്‍ക്കു 'ഹൂ കെയേഴ്‌സ്' എന്നൊരു ആറ്റിറ്റിയൂഡാണ്. എനിക്ക് വലിയ അടുപ്പവും സ്‌നേഹവുമുള്ള പ്രസ്ഥാനമാണ് അത്. അതുകൊണ്ടാണ് പ്രസ്ഥാനത്തിന്റെ പേര് പറയാത്തത്. ഈ പ്രസ്ഥാനത്തിലെ പല നേതാക്കളോടും ഇക്കാര്യം പരാതിപ്പെട്ടിട്ടുണ്ട്. ഈ പ്രസ്ഥാനത്തിലുള്ള നേതാക്കളുടെ ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കും വരെ ഇയാളില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞു. സ്ത്രീകളൊക്കെ തന്നെയാണല്ലോ ഇവരെ വോട്ട് ചെയ്തു ജയിപ്പിക്കുന്നത്, അതും റീല്‍സും മറ്റുള്ളതുമൊക്കെ നോക്കിയിട്ട്. ശക്തമായ നടപടിയെടുക്കണമെന്നാണ് ആവശ്യം. നേതാക്കളോടു പരാതിപ്പെടുമെന്ന് പറഞ്ഞപ്പോഴും ഇയാളുടെ സ്വഭാവത്തില്‍ മാറ്റമുണ്ടായില്ല. 'നീ പോയി പറ, പോയി പറ' എന്നൊരു മനോഭാവം ആയിരുന്നു,' എന്നാണ് റിനി മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍