കൊച്ചി: യുവ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെ നേരിട്ട സൈബർ ആക്രമണങ്ങളിൽ പരാതിയുമായി നടി റിനി ജോർജ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും പൊലീസിലുമാണ് റിനി പരാതി നൽകിയിരിക്കുന്നത്. തനിക്കെതിരെ ഉണ്ടായ സൈബർ ആക്രമണങ്ങൾ, അപകീർത്തികരമായ പ്രചാരണങ്ങൾ എന്നിവയിൽ കേസെടുക്കണം എന്നാണ് റിനിയുടെ ആവശ്യം.
വിവിധ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഓൺലൈൻ യൂട്യൂബ് ചാനലുകൾ എന്നിവയ്ക്ക് പുറമെ രാഹുൽ ഈശ്വർ, ഷാജൻ സ്‌കറിയ എന്നിവർക്കെതിരെയും റിനി പരാതി നൽകിയിട്ടുണ്ട്. തന്നെ മോശമായി പരാമർശിക്കുന്ന വീഡിയോകളുടെ ലിങ്കുൾപ്പെടെ റിനി പരാതിക്ക് ഒപ്പം സമർപ്പിച്ചിട്ടുണ്ട്.
റിനിയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ ചൂഷണത്തിന് ഇരയായ യുവതിക്ക് റിനി ഐക്യദാർഡ്യവും അറിയിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ഉയർന്ന പരാതികൾ അന്വേഷിക്കാൻ സർക്കാർ പ്രത്യേക സംഘത്തെ ഉൾപ്പെടെ നിയോഗിക്കുകയും ചെയ്തിരുന്നു. പ്രത്യേക സംഘം റിനിയിൽ നിന്നുൾപ്പെടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇപ്പോൾ സൈബർ ആക്രമണത്തിൽ പരാതി സമർപ്പിച്ചിരിക്കുന്നത്.