ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ ഉള്‍പ്പെടുത്തി സര്‍വകലാശാലാ തല പരീക്ഷകള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ സര്‍ക്കാര്‍ സജീവമായി നീങ്ങുകയാണെന്ന് കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. നിയമസഭയിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. സംസ്ഥാനം ഇതിനകം തന്നെ പ്രവേശന പരീക്ഷകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനിലേക്ക് മാറ്റിയിട്ടുണ്ടെന്നും മറ്റ് സര്‍വകലാശാല പരീക്ഷകള്‍ക്കും സമാനമായ നടപടികള്‍ ഇനി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.
എംഎല്‍എമാരായ പി പി സുമോദ്, ദലീമ, കെ എം സച്ചിന്‍ ദേവ്, വി കെ പ്രശാന്ത്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി, ജനറേഷന്‍ ഇസഡ് എന്നറിയപ്പെടുന്ന ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ ഡിജിറ്റല്‍ ഉപകരണങ്ങളും സ്മാര്‍ട്ട്ഫോണുകളും ഉപയോഗിച്ചാണ് വളര്‍ന്നതെന്നും അതിനാല്‍ പരീക്ഷകള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറ്റേണ്ടത് പ്രധാനമാണെന്നും മന്ത്രി വിശദീകരിച്ചു.