തിരുവനന്തപുരം: കോവളത്ത് പാചകക്കാരനായ രാജേന്ദ്രന്റെ (60) മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ അയല്‍വാസിയായ രാജീവിനെ കോവളം പോലീസ് അറസ്റ്റ് ചെയ്തു. രാജേന്ദ്രന് അമ്മയുമായി ബന്ധമുണ്ടെന്ന രാജീവിന്റെ സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. ഈ മാസം 17 നാണ് നെടുമത്തുള്ള സഹോദരിയുടെ വീടിന്റെ ടെറസില്‍ രാജേന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാജേന്ദ്രന്‍ സഹോദരിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ടായിരുന്നു. കഴുത്തില്‍ ബാഹ്യശക്തി പ്രയോഗിച്ചിരിക്കാമെന്ന ഡോക്ടറുടെ സംശയമാണ് മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന സൂചന നല്‍കിയത്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം ബന്ധുക്കളില്‍ നിന്നും മറ്റ് സ്രോതസ്സുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. അതേ ദിവസം തന്നെ പോലീസ് രാജീവിനെയും ചോദ്യം ചെയ്തിരുന്നു. ബലപ്രയോഗത്തിനിടയില്‍ ഉണ്ടാകുന്ന നഖത്തിന്റെ പാടുകള്‍ രാജീവിന്റെ ശരീരത്തില്‍ ഉണ്ടെന്ന് സൂചനയും ലഭിച്ചു.