റെക്കോര്‍ഡ് പ്രതികരണത്തോടെ 'സിഎം വിത്ത് മീ': ആദ്യ മണിക്കൂറില്‍ 753 കോളുകള്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 30 സെപ്‌റ്റംബര്‍ 2025 (09:45 IST)
Pinarayi
ജനങ്ങളും സര്‍ക്കാരുമായി നേരിട്ട് സംവദിക്കുന്നതിനുള്ള കേരളത്തിന്റെ പുതിയ വേദിക്ക് വന്‍ സ്വീകരണം. 'സിറ്റിസണ്‍ കണക്ട് സെന്റര്‍' പ്രവര്‍ത്തനം ആരംഭിച്ച ആദ്യ മണിക്കൂറുകളില്‍ തന്നെ ജനകീയ പ്രശ്നങ്ങള്‍ക്ക് അതിവേഗം പരിഹാരം തേടി ലഭിച്ചത് 753 കോളുകള്‍.
 
സിറ്റിസണ്‍ കണക്ട് സെന്ററിലേക്ക് ആദ്യമായി വിളിച്ച വ്യക്തി സിനിമാ താരം ടോവിനോ തോമസ് ആയിരുന്നു. ടോവിനോയുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിക്കുകയും പദ്ധതിക്ക് എല്ലാവിധ ആശംസകളും താരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് വന്ന മൂന്ന് കോളുകള്‍ മുഖ്യമന്ത്രി നേരിട്ട് സ്വീകരിച്ച് ജനങ്ങളുടെ പരാതികളും ആവശ്യങ്ങളും ചോദിച്ചറിഞ്ഞു. അടിയന്തര നടപടികള്‍ക്ക് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
 
മുഖ്യമന്ത്രി രണ്ടാമതായി സ്വീകരിച്ച കോള്‍ കോഴിക്കോട് സ്വദേശി അനിതയുടേതായിരുന്നു. വൃക്കരോഗത്തിന് ചികിത്സയിലുള്ള അനിത, വാടകവീട്ടില്‍ താമസിക്കുന്നതിനാല്‍ തുടര്‍ചികിത്സാ സഹായം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയെ വിളിച്ചത്. അനിതയുടെ വിഷയത്തില്‍ അടിയന്തിര സഹായം ഉറപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
 
കൊച്ചി കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച് നല്‍കിയ ഫ്‌ലാറ്റിന് സര്‍ക്കാരിന് നന്ദി അറിയിച്ച അബു, ഫ്‌ലാറ്റില്‍ കെ-ഫോണ്‍ കണക്ഷന്‍ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഉടന്‍ തന്നെ, അബുവിന് കണക്ഷന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. നാലാമതായി വിളിച്ച ചെറുതാഴം സ്വദേശി ഡെയ്സി, ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീട് അനുവദിച്ചതിന് മുഖ്യമന്ത്രിയോട് നന്ദി അറിയിച്ചതും ശ്രദ്ധേയമായി.
 
ജനങ്ങള്‍ക്ക് 1800-425-6789 എന്ന ടോള്‍ഫ്രീ നമ്പറിലൂടെ സിറ്റിസണ്‍ കണക്ട് സെന്ററിലേക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരാതികളും അറിയിക്കാം. ജനകീയ വിഷയങ്ങളില്‍ അതിവേഗ പരിഹാരം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംരംഭം, തുടക്കം മുതല്‍ തന്നെ വലിയ വിജയമാണ് നേടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍