ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 20 ഒക്‌ടോബര്‍ 2025 (08:42 IST)
ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ. റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി. സെപ്റ്റംബറില്‍ പ്രതിദിനം 16 ലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ വാങ്ങിയിരുന്നതെങ്കില്‍ ഈ മാസം വാങ്ങുന്നത് 20 ലക്ഷം ബാരല്‍ വീതമാണ്. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് പൂര്‍ണമായി നിര്‍ത്തിയെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഒക്ടോബറില്‍ ഇതുവരെയുള്ള ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയില്‍ റഷ്യയാണ് മുന്നില്‍.
 
രണ്ടാം സ്ഥാനത്ത് ഇറാക്കാണ്. പ്രതിദിനം 10 ലക്ഷം ബാരല്‍ വീതം എണ്ണയാണ് ഇന്ത്യ ഇറക്കില്‍ നിന്ന് വാങ്ങുന്നത്. മൂന്നാം സ്ഥാനത്ത് സൗദി അറേബ്യയാണ്. പ്രതിദിനം 8.30 ലക്ഷം എണ്ണയാണ് ഇവിടെ നിന്ന് ഇന്ത്യ വാങ്ങുന്നത്. അതേസമയം അമേരിക്കയില്‍ നിന്ന് പ്രതിദിനം 6.9 ലക്ഷം ബാരല്‍ എണ്ണ ഇന്ത്യ വാങ്ങുന്നുണ്ട്. ഇന്ത്യയ്ക്കുള്ള ഡിസ്‌കൗണ്ട് റഷ്യ കൂട്ടിയപ്പോള്‍ കൂടുതല്‍ ഇറക്കുമതി ഇന്ത്യ നടത്തി. ജൂലൈ- ഓഗസ്റ്റില്‍ രണ്ട് ഡോളര്‍ വീതമായിരുന്നു ഡിസ്‌കൗണ്ട്. എന്നാല്‍ ഇപ്പോള്‍ അഞ്ചു ഡോളര്‍ വരെ ഡിസ്‌കൗണ്ടുണ്ട്.
 
നവംബറിലേക്കും ഡിസംബറിലേക്കുമുള്ള എണ്ണ ഇറക്കുമതിക്കായി ഇന്ത്യന്‍ കമ്പനികള്‍ റഷ്യന്‍ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.  അതേസമയം എണ്ണയ്ക്ക് പുറമേ അപൂര്‍വ്വധാതുക്കളുടെ കയറ്റുമതിക്കായി റഷ്യന്‍ കമ്പനികളുമായി കൈകോര്‍ക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ലോകത്തെ അപൂര്‍വ ധാതുക്കളുടെ 95 ശതമാനവും കൈവശം വയ്ക്കുന്ന ചൈന കയറ്റുമതിക്ക് നിയന്ത്രണ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ കമ്പനികള്‍ റഷ്യയിലേക്ക് പോകുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍