അപൂർവധാതുക്കൾ നൽകണം, റഷ്യൻ സഹായം ആവശ്യപ്പെട്ട് ഇന്ത്യ, റിഫൈനറി ടെക്നോളജി സ്ഥാപിക്കാൻ ശ്രമം

അഭിറാം മനോഹർ

ഞായര്‍, 19 ഒക്‌ടോബര്‍ 2025 (16:18 IST)
വൈദ്യുതവാഹനങ്ങളുടെയും മറ്റും നിര്‍മാണത്തിന് ഉപയോഗിക്കുന്ന അപൂര്‍വധാതുക്കള്‍ക്കായി റഷ്യയുടെ സഹായം തേടി ഇന്ത്യ. റെയര്‍ എര്‍ത്ത് എലമെന്‍്‌സ് വിതരണം ചെയ്യുന്നതില്‍ ചൈന നിയന്ത്രണങ്ങള്‍ കടുപ്പിച്ച സാഹചര്യത്തിലാണ് റഷ്യയില്‍ നിന്നും ഇവ എത്തിക്കാനും ഒപ്പം റിഫൈനിങ് ടെക്‌നോളജി സ്വന്തമാക്കാനും ഇന്ത്യ ശ്രമിക്കുന്നത്. റഷ്യന്‍ കമ്പനികളുമായി സഹകരിച്ച് സാങ്കേതികവിദ്യ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ കമ്പനികള്‍ ആരംഭിച്ചു.
 
അപൂര്‍വധാതുക്കള്‍ സംസ്‌കരിക്കാനായി റഷ്യ വികസിപ്പിച്ചെടുത്തിട്ടുള്ള സാങ്കേതികവിദ്യ ഇപ്പോള്‍ പ്രാരംഭഘട്ടത്തിലാണ്. ഈ സാങ്കേതികവിദ്യ വാണിജ്യവത്കരിക്കാനായി ഇന്ത്യന്‍ കമ്പനികളുമായി സഹകരിക്കാന്‍ റഷ്യ താത്പര്യം അറിയിച്ചതായാണ് വിവരം. റഷ്യന്‍ പൊതുമേഖലാ കമ്പനികളായ നോര്‍നിക്കല്‍,റൊസാറ്റം എന്നിവയാകും ഇന്ത്യന്‍ കമ്പനികളുമായി സഹകരിക്കുക. ഇത് കൂടാതെ സിഎസ്‌ഐആര്‍, ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് മൈന്‍സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മിനറല്‍സ് ആന്‍ഡ് മെറ്റീറിയല്‍സ് ടെക്‌നോളജി എന്നിവയോടും റഷ്യന്‍ കമ്പനികളില്‍ ലഭ്യമായ സാങ്കേതികവിദ്യ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 
നിലവില്‍ ലോകത്തുള്ള റെയര്‍ എര്‍ത്ത് എലമെന്റുകളുടെ സംസ്‌കാരത്തില്‍ 90 ശതമാനവും നിയന്ത്രിക്കുന്നത് ചൈനയാണ്. അമേരിക്ക ചൈനയുടെ മുകളിലുള്ള നടപടികള്‍ കടുപ്പിച്ച സാഹചര്യത്തിലാണ് റെയര്‍ എര്‍ത്ത് എലമെന്റുകളുടെ നിയന്ത്രണം ചൈനയും കടുപ്പിച്ചത്. നിലവില്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന റെയര്‍ എര്‍ത്ത് എലമെന്റുകളുടെ 65 ശതമാനവും വരുന്നത് ചൈനയില്‍ നിന്നാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍