ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലകളില്‍ ഒന്ന് എന്ന നിലയില്‍ ഇന്ത്യ പ്രശസ്തമാണ്. 7,000-ത്തിലധികം സ്റ്റേഷനുകളും 13,000 പാസഞ്ചര്‍ ട്രെയിനുകളുമുള്ള ഇന്ത്യന്‍ റെയില്‍വേയില്‍ ഓരോ ദിവസവും ദശലക്ഷക്കണക്കിന് ആളുകള്‍ സഞ്ചരിക്കുന്നു. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്ഫോം ഇന്ത്യയിലാണുള്ളത്. കര്‍ണാടകയിലെ ശ്രീ സിദ്ധാരൂഢ സ്വാമിജി ഹുബ്ബള്ളി ജംഗ്ഷനിലാണ് ഈ റെക്കോര്‍ഡുള്ള പ്ലാറ്റ്ഫോം. 1,507 മീറ്റര്‍ (ഏകദേശം 4,944 അടി) ആണ് ഇതിന്റെ നീളം. ബെംഗളൂരു, ഹൊസപേട്ട്, വാസ്‌കോ-ഡ-ഗാമ അല്ലെങ്കില്‍ ബെലഗാവി എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന റെയില്‍വേ ഹബ്ബാണ് ഈ സ്റ്റേഷന്‍.
2023 മാര്‍ച്ചില്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ പ്ലാറ്റ്ഫോമായി ഹുബ്ബള്ളി ജംഗ്ഷനെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. യാത്രക്കാര്‍ക്ക് യാത്ര സുഗമവും കൂടുതല്‍ സുഖകരവുമാക്കുന്നതിനും സ്റ്റേഷന്റെ പഴയ ഭംഗി നിലനിര്‍ത്തുന്നതിനുമായി ഇന്ത്യന്‍ റെയില്‍വേയുടെ ഒരു പ്രധാന ആധുനികവല്‍ക്കരണ പദ്ധതിയുടെ ഭാഗമായാണ് ഈ പ്ലാറ്റ്ഫോം നിര്‍മ്മിച്ചത്. അതുകൂടാതെ ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ പ്ലാറ്റ്‌ഫോമുകളില്‍ ആദ്യ നാലു സ്ഥാനവും ഇന്ത്യയ്ക്ക് തന്നെയാണ്. കൂടാതെ ആദ്യ പത്തില്‍ 9 പ്ലാറ്റ്‌ഫോമുകളും ഇന്ത്യയില്‍ തന്നെയാണ്.