ഗാസയിലെ സമാധാന ശ്രമങ്ങള്‍ക്ക് നിര്‍ണായക മുന്നേറ്റം: ട്രംപിനെ പ്രശംസിച്ച് നരേന്ദ്രമോദി

സിആര്‍ രവിചന്ദ്രന്‍

ശനി, 4 ഒക്‌ടോബര്‍ 2025 (10:43 IST)
ഗാസയിലെ സമാധാന ശ്രമങ്ങള്‍ക്കുള്ള നിര്‍ണായക മുന്നേറ്റത്തില്‍ ട്രംപിനെ പ്രശംസിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്രായേല്‍ ബന്ധികളെ മോചിപ്പിക്കാനും ആയുധം ഉപേക്ഷിക്കാനും തയ്യാറാണെന്ന് ഹമാസ് അറിയിച്ചതിന് പിന്നാലെയാണ് ട്രെംപിനെ പ്രശംസിച്ച് നരേന്ദ്രമോദി രംഗത്തെത്തിയത്. 
 
ബന്ധികളെ മോചിപ്പിക്കുമെന്ന സൂചനകള്‍ ഒരു സുപ്രധാന ചുവടുവയ്പ്പാണെന്നും ശാശ്വതവും നീതിയുക്തവുമായ സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളെയും ശക്തമായി പിന്തുണയ്ക്കുന്നത് ഇന്ത്യ തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു. നേരത്തെ ഞായറാഴ്ച വൈകുന്നേരം ആറിനകം സമാധാന കരാര്‍ അംഗീകരിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹമാസിന് അന്ത്യശാസനം നല്‍കിയിരുന്നു. പദ്ധതി അംഗീകരിക്കാത്ത പക്ഷം ഹമാസിനെ നശിപ്പിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഗാസയുടെ ഭരണം സ്വതന്ത്ര ടെക്‌നോക്രാറ്റുകളുടെ പലസ്തീന്‍ സമിതിക്ക് കൈമാറാന്‍ തയ്യാറാണ് എന്നാണ് ഹമാസ് അറിയിച്ചത്.
 
അതേസമയം ഹമാസിന്റെ നിരായുധീകരണം എന്ന സമാധാന പദ്ധതിയിലെ നിര്‍ദേശത്തെ കുറിച്ച് ഹമാസ് പ്രതികരിച്ചിട്ടില്ല. ഇസ്രയേലി സൈന്യത്തിന്റെ ഘട്ടമായുള്ള പിന്മാറ്റം, ഹമാസിന്റെ നിരായുധീകരണം, അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ ഇടക്കാല സര്‍ക്കാര്‍ എന്നിവയായിരുന്നു ട്രംപ് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍