ഒരു കൂട്ടം യുവാക്കള്‍ ശ്രീരാമന്റെ കോലം കത്തിക്കുകയും രാവണനെ സ്തുതിച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ തിരുച്ചിയിലാണ് സംഭവം. ഫിഫ്ത്ത് തമിഴ് സംഘം എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് പെട്ടെന്ന് വൈറലാകുകയും പോലീസ് നടപടിയിലേക്ക് നയിക്കുകയും ചെയ്തത്.
വീഡിയോയില്‍, 'രാവണനെ സ്തുതിക്കുക' എന്ന് വിളിച്ചുകൊണ്ട് യുവാക്കള്‍ രാമന്റെ കോലത്തിന് തീയിടുന്നത് കാണാം. ശേഷം കത്തിച്ച രാമന്റെ കോലത്തിന് പകരം പത്ത് തലയുള്ള രാവണന്‍ വീണ പിടിച്ചു നില്‍ക്കുന്നതിന്റെ ചിത്രവും ക്ലിപ്പില്‍ ഉണ്ടായിരുന്നു.ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 192, 196 (1)(എ), 197, 299, 302, 353 (2) എന്നിവ പ്രകാരം സൈബര്‍ ക്രൈം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തെത്തുടര്‍ന്ന് വ്യാഴാഴ്ച 36 കാരനായ അടൈക്കലരാജിനെ അറസ്റ്റ് ചെയ്തു.