ഇതാണോ നേതാവ്?, ആളുകൾ മരിച്ചുവീഴുമ്പോൾ സ്ഥലം വിട്ടു, വിജയ്ക്കെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി
കരൂരില്‍ സംഭവിച്ചത് മനുഷ്യനിര്‍മിതമായ ദുരന്തമാണെന്ന് മദ്രാസ് ഹൈക്കോടതി. സംഭവത്തിന് നേരെ കണ്ണടയ്ക്കാനാകില്ലെന്നും ആരും നിയമത്തിന് അതീതരല്ലെന്നും വ്യക്തമാക്കിയ കോടതി രൂക്ഷവിമര്‍ശനമാണ് നടനും ടിവികെ നേതാവുമായ വിജയ്‌ക്കെതിരെ ഉന്നയിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം മരിച്ചിട്ടും വിജയ് സ്ഥലം വിട്ടു. അണികളെ ഉപേക്ഷിച്ചയാള്‍ക്ക് നേതൃഗുണമില്ലെന്നും കോടതി വിമര്‍ശിച്ചു.
നടനും ടിവികെ നേതാവുമായ വിജയ്‌ക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അതേസമയം കരൂര്‍ ദുരന്തം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവായി. നോര്‍ത്ത് സോണ്‍ ഐജിയ്ക്കാണ് കേസ് അന്വേഷണ ചുമതല. നാമക്കല്‍ എസ്പിയും അന്വേഷണസംഘത്തിന്റെ ഭാഗമാകും. അതേസമയം കേസ് അന്വേഷണവുമായി മുന്നോട്ട് പോകാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു. എന്തിനാണ് ടിവികെയോട് ഇത്ര വിധേയത്വമെന്നും കോടതി ചോദിച്ചു.വിഷയത്തില്‍ സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചാണ് കോടതി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്.
യോഗങ്ങള്‍ നടത്തുമ്പോള്‍ ശുദ്ധജലം, ശുചിമുറി എന്നിവ ഒരുക്കേണ്ടത് അതാത് രാഷ്ട്രീയപാര്‍ട്ടികളുടെ ഉത്തരവാദിത്തമാണെന്ന് കോടതി വ്യക്തമാക്കി. ദേശീയ- സംസ്ഥാന പാതകളുടെ സമീപത്ത് ഒരു പാര്‍ട്ടിക്കും യോഗങ്ങള്‍ നടത്താന്‍ അനുമതി നല്‍കരുതെന്നും കോടതി പറഞ്ഞു.