Lionel Messi: ഇന്ത്യയിലേക്ക് വരുന്നുവെന്ന് സ്ഥിരീകരിച്ച് മെസ്സി, പക്ഷേ ലിസ്റ്റിൽ കേരളമില്ല!

അഭിറാം മനോഹർ

വെള്ളി, 3 ഒക്‌ടോബര്‍ 2025 (13:20 IST)
ലയണല്‍ മെസ്സി കേരളത്തിലെത്തുമോ എന്ന ചര്‍ച്ച കഴിഞ്ഞ കുറച്ച് മാസക്കാലമായി കേരളത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന ഒന്നാണ്. മെസ്സിയെ കേരളത്തിലെത്തിക്കുമെന്നും 3 സൗഹൃദമത്സരങ്ങള്‍ അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കുമെന്നാണ് കായികമന്ത്രി അബ്ദുറഹ്‌മാന്‍ അടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നത്. ഇതിനായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെ സമീപിച്ചെന്നും മെസ്സി നവംബറില്‍ കേരളത്തില്‍ എത്തുമെന്നും പിന്നീട് കായികമന്ത്രി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
 
 ഇപ്പോഴിതാ താന്‍ ഇന്ത്യയിലെത്തുകയാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് മെസ്സി. ഇന്ത്യയെ പോലെ ഒരു സ്‌പെഷ്യല്‍ രാജ്യത്ത് ഫുട്‌ബോള്‍ കളിക്കാനായി കാത്തിരിക്കുന്നുവെന്നും 14 വര്‍ഷം മുന്‍പ് ഇന്ത്യ സന്ദര്‍ശിച്ചതിന്റെ മനോഹരമായ ഓര്‍മകള്‍ തനിക്കുണ്ടെന്നും പറഞ്ഞുകൊണ്ടാണ് മെസ്സി തന്റെ ഇന്ത്യ സന്ദര്‍ശനത്തിന്റെ ഷെഡ്യൂള്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ മെസ്സിയുടെ ഇന്ത്യ ടൂറില്‍ കൊല്‍ക്കത്ത, അഹ്‌മദാബാദ്, മുംബൈ, ന്യൂഡല്‍ഹി എന്നീ നഗരങ്ങളുടെ പേരുകള്‍ മാത്രമാണുള്ളത്.
 
ഡിസംബര്‍ 13നാണ് മെസ്സി കല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലേക്കെത്തുക. കോണ്‍സര്‍ട്ട് അടക്കം നിരവധി പരിപാടികള്‍ അന്നേ ദിവസം നടക്കും. സൗരവ് ഗാംഗുലി, ബൈച്ചുങ് ബൂട്ടിയ, ലിയാണ്ടര്‍ പേസ് എന്നിവരും പരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് മുംബൈയിലേക്ക് മെസ്സി തിരിക്കും ഇവിടെ നടക്കുന്ന ചടങ്ങില്‍ ഷാറൂഖ് ഖാന്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം എസ് ധോനി മറ്റ് ബോളിവുഡ് താരങ്ങളും പങ്കെടുക്കും. ഡിസംബര്‍ 15ന് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മെസ്സി സന്ദര്‍ശിക്കും.
 
 ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ നടക്കുന്ന സൗഹൃദമത്സരങ്ങളുടെ ഭാഗമായി നവംബറില്‍ അര്‍ജന്റീന ടീം കേരളത്തില്‍ എത്തുമെന്നാണ് അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ നേരത്തെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ മെസ്സി പങ്കുവെച്ച പോസ്റ്റില്‍ കേരളത്തെ കുറിച്ച് പരാമര്‍ശമില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍