ബാങ്കുകള്‍ ഔദ്യോഗികമായി നടപ്പിലാക്കാന്‍ തയ്യാറാണോയെന്ന് ഉറപ്പാക്കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) പുതിയ ചെക്ക് ക്ലിയറിങ് സിസ്റ്റം ഇന്ന് മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചു. പുതിയ ചെക്ക് ക്ലിയറിങ് നിയമം അനുസരിച്ച് ചെക്കുകളില്‍ നിന്നുള്ള ഫണ്ട് സാധാരണമായി ഉള്ള 1-2 പ്രവൃത്തി ദിവസങ്ങള്‍ക്ക് പകരം മണിക്കൂറുകള്‍ക്കുള്ളില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ എത്തും. 2025 ഒക്ടോബര്‍ 4 മുതല്‍ ബാങ്കുകള്‍ നിശ്ചിത ബാച്ചുകളായി പ്രോസസ്സ് ചെയ്യുന്നതിന് പകരം പ്രവൃത്തി സമയങ്ങളില്‍ തുടര്‍ച്ചയായി ചെക്കുകള്‍ സ്‌കാന്‍ ചെയ്യുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യും.
ഇത് രണ്ട് ഘട്ടങ്ങളായാണ് നടപ്പിലാക്കുന്നത് ആദ്യത്തേത് 2025 ഒക്ടോബര്‍ 4 ന് ആരംഭിച്ച് 2026 ജനുവരി 2 വരെ നീണ്ടുനില്‍ക്കും. രണ്ടാം ഘട്ടം 2026 ജനുവരി 3 നാണ് ആരംഭിക്കുന്നത്. ഈ പ്രക്രിയ ക്ലിയറിങ് സൈക്കിളിനെ നിലവിലെ T+1 ദിവസങ്ങളില്‍ നിന്ന് കുറച്ച് മണിക്കൂറുകളാക്കി മാറ്റും. രാവിലെ 10 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയില്‍ നിക്ഷേപിക്കുന്ന ചെക്കുകള്‍ സ്‌കാന്‍ ചെയ്ത് ഉടന്‍ തന്നെ ക്ലിയറിങ് ഹൗസിലേക്ക് അയയ്ക്കും. തുടര്‍ന്ന് രാവിലെ 11 മണി മുതല്‍ ബാങ്കുകള്‍ ഓരോ മണിക്കൂറിലും പണമടയ്ക്കല്‍ നടത്തും.