കഫ് സിറപ്പ് കഴിച്ച് അഞ്ച് വയസ്സുകാരന്‍ മരിച്ചു; മരുന്ന് പരീക്ഷിച്ച ഡോക്ടര്‍ക്കും രണ്ട് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും അസ്വസ്ഥത

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 30 സെപ്‌റ്റംബര്‍ 2025 (20:09 IST)
രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലാണ് സംസ്ഥാനത്തിന്റെ സൗജന്യ മരുന്ന് പദ്ധതി പ്രകാരം വിതരണം ചെയ്ത കഫ് സിറപ്പ് കഴിച്ച് അഞ്ച് വയസ്സുള്ള  ആണ്‍കുട്ടി മരിച്ചത്. കൂടാതെ ഭരത്പൂര്‍ ജില്ലയില്‍ നിരവധി പേര്‍ക്ക് അസുഖം ബാധിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. സംഭവങ്ങളെത്തുടര്‍ന്ന്, സര്‍ക്കാര്‍ സിറപ്പിന്റെ എല്ലാ ബാച്ചുകളും നിരോധിക്കുകയും അടിയന്തര അന്വേഷണം ആരംഭിക്കുകയും ചെയ്തു.
 
സിക്കാറിലെ ഖോരി ബ്രാഹ്മണന്‍ ഗ്രാമത്തിലെ മുകേഷ് ശര്‍മ്മയുടെ മകന്‍ നിത്യാന്‍ഷിന് (5) കഴിഞ്ഞ ഞായറാഴ്ചയാണ് ചിരാനയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്ന് (സിഎച്ച്‌സി) കഫ് സിറപ്പ് നല്‍കിയത്. സിറപ്പ് കഴിച്ചതിനുശേഷം രാത്രിയില്‍ കുട്ടിയുടെ ആരോഗ്യനില വഷളായി. ശേഷം തിങ്കളാഴ്ച രാവിലെ ഡോക്ടര്‍മാര്‍ കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു. 
കുട്ടിയുടെ കുടുംബം പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്ക് വിസമ്മതിക്കുകയും നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
 
ഭരത്പൂരിലെ ബയാന പ്രദേശത്ത്, അതേ സിറപ്പ് കഴിച്ചതിനെ തുടര്‍ന്ന് മൂന്ന് വയസ്സുള്ള ഒരു കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത് കുടിച്ചയുടനെ കുട്ടി കുഴഞ്ഞുവീഴുകയും ഹൃദയമിടിപ്പ് അസാധാരണമായി ഉയരുകയും ചെയ്തു.
ഞെട്ടിപ്പിക്കുന്ന കാര്യം  എന്തെന്നാല്‍ സിഎച്ച്‌സി ഇന്‍-ചാര്‍ജ് ഡോക്ടറും രണ്ട് ആംബുലന്‍സ് ഡ്രൈവര്‍മാരും സിറപ്പ് കുടിച്ചു നോക്കിയപ്പോള്‍, അവര്‍ക്കും അസ്വസ്ഥത ഉണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായും വന്നു.സംസ്ഥാന ആരോഗ്യമന്ത്രി ഗജേന്ദ്ര സിംഗ് ഖിന്‍വ്‌സര്‍ ആര്‍എംഎസ്സിഎല്ലിനോട് വിഷയം അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചു. കൃത്യമായ കാരണം നിര്‍ണ്ണയിക്കാന്‍ മരുന്നിന്റെ ബാച്ചിന്റെ സാമ്പിള്‍ എടുത്ത് പരിശോധനയ്ക്ക് അയയ്ക്കാന്‍ ബന്ധപ്പെട്ട ഡ്രഗ് കണ്‍ട്രോള്‍ ഓഫീസറോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഗായത്രി റാത്തോഡ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍