അവസാനം അഭിനയിച്ച 'പ്രകമ്പനം' സിനിമയുടെ ചോറ്റാനിക്കരയിലെ ലൊക്കേഷനിലായിരുന്നു ജൂലൈ 26 മുതല്‍ നവാസ്. ഷൂട്ടിങ്ങിന്റെ ആദ്യ ഷെഡ്യൂളിന്റെ അവസാന ദിവസമായിരുന്നു വെള്ളിയാഴ്ച. നെഞ്ചെരിച്ചിലും അസ്വസ്ഥതകളും ഉണ്ടായ വിവരം നവാസ് ഭാര്യാപിതാവിനെ ഫോണ്‍ ചെയ്തു അറിയിച്ചിരുന്നു. കുടുംബ ഡോക്ടര്‍ അഹമ്മദ് കാരോത്തുകുഴിയുമായി ഉടന്‍ ബന്ധപ്പെടാന്‍ അദ്ദേഹം നിര്‍ദേശിച്ചു. ഭാര്യാപിതാവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഡോക്ടറെ വിളിച്ച് ശാരീരിക അസ്വസ്ഥതകളെ കുറിച്ച് നവാസ് വെളിപ്പെടുത്തു. ഉടന്‍ ആശുപത്രിയില്‍ പാകണമെന്നും ഇസിജി എടുക്കണമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടു. ഗ്യാസിന്റെ നെഞ്ചെരിച്ചില്‍ ആയിരിക്കുമെന്നാണ് നവാസ് കരുതിയിരുന്നത്. എന്നാല്‍ ഇതു സാധാരണ നെഞ്ചെരിച്ചില്‍ അല്ലെന്ന് ഡോ.അഹമ്മദ് നവാസിനോടു പറഞ്ഞു.
ഷൂട്ടിങ്ങിന്റെ അവസാന ദിനം ആയിരുന്നതിനാല്‍ ആശുപത്രിയില്‍ പോകുന്നത് ഒരു ദിവസത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു നവാസ്. ഷൂട്ടിങ്ങിനു പോയപ്പോള്‍ സെറ്റിലെ സുഹൃത്തുക്കളോടും നവാസ് ഹൃദയസംബന്ധമായ അസ്വസ്ഥതകളെ കുറിച്ച് പറഞ്ഞിരുന്നു. ഷൂട്ടിങ് മുടക്കേണ്ട എന്നു കരുതിയാകും ഡോക്ടറെ ബന്ധപ്പെടുന്നത് ഒരു ദിവസത്തേക്ക് നവാസ് നീട്ടിവെച്ചതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.