Shah Rukh Khan: സ്വദേശിനും ചക്ക് ദേക്കും മൈ നെയിം ഈസ് ഖാനിലും കിട്ടിയില്ല, മികച്ച നടനായത് ആറ്റ്‌ലിയുടെ മെർസൽ ലെവൽ പ്രകടനത്തിൽ!

അഭിറാം മനോഹർ

ശനി, 2 ഓഗസ്റ്റ് 2025 (09:55 IST)
Shah Rukh Khan
എഴുപത്തിയൊന്നാം ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇത്തവണയും നിലവാരമില്ലാത്ത പ്രകടനങ്ങള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി അത്ഭുതപ്പെടുത്താതെ ജൂറി.  കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ക്രെഡിബിലിറ്റി നഷ്ടമായെന്ന വിമര്‍ശനങ്ങളെ ശരിവെയ്ക്കുന്ന തരത്തിലുള്ള പ്രഖ്യാപനമാണ് ഈ വര്‍ഷവും ഉണ്ടായത്. 12ത്ത് ഫെയില്‍ എന്ന സിനിമയിലെ പ്രകടനത്തിന് വിക്രാന്ത് മാസിക്ക് ദേശീയ പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ജവാന്‍ എന്ന സിനിമയിലെ അഭിനയത്തിന് ഷാറൂഖ് ഖാനും മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. 33 വര്‍ഷത്തെ കരിയറില്‍ വീര്‍ സാറ, ദില്‍ സേ, സ്വദേശ്, മൈ നെയിം ഈസ് ഖാന്‍, ഫാന്‍ എന്നിങ്ങനെ ഒട്ടേറെ സിനിമകള്‍ ചെയ്ത് അവസാനം ജവാനിലാണ് ഷാറൂഖ് മികച്ച നടനാണെന്ന് ജൂറി മനസിലാക്കി കളഞ്ഞത്.
 
90കളില്‍ റൊമാന്റിക് സിനിമകളില്‍ നായകനായി ബോളിവുഡില്‍ ശ്രദ്ധ നേടിയ ഷാറൂഖിന്റെ കരിയറില്‍ അഭിനയപ്രാധാന്യമുള്ള ഒട്ടേറെ സിനിമകളില്‍ താരം ഭാഗമായിട്ടുണ്ട്. ദേവദാസ്(2002), സ്വദേശ്(2004), ചക്ക് ദേ ഇന്ത്യ (2007), മൈ നെയിം ഈസ് ഖാന്‍(2010) എന്നിങ്ങനെ തന്റെയുള്ളിലെ നടനെ അടയാളപ്പെടുത്തിയ സിനിമകള്‍ക്കൊന്നും ലഭിക്കാത്ത പുരസ്‌കാരമാണ് കാര്യമായി എടുത്തുപറയാന്‍ ഒന്നുമില്ലാത്ത ജവാനിലെ പ്രകടനത്തിന് ലഭിച്ചിരിക്കുന്നത്.
 
 ദേശീയ പുരസ്‌കാരം എന്ന അംഗീകാരം നല്‍കി രാജ്യം ആദരിക്കുമ്പോഴും ഷാറൂഖിന്റെ പ്രതിഭയോട് പുലര്‍ത്തുന്ന അനീതി കൂടിയാണ് ജവാനിലൂടെ ലഭിക്കുന്ന പുരസ്‌കാരം. എത്രയോ മാറ്റേറിയ പ്രകടനങ്ങള്‍ ഉണ്ടായിട്ടും ജവാനിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരം നല്‍കിയ ജൂറിക്ക് വേണം ആദ്യം അവാര്‍ഡ് നല്‍കി ബഹുമാനിക്കാന്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍