ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

രേണുക വേണു

തിങ്കള്‍, 21 ജൂലൈ 2025 (11:38 IST)
ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'ഭ.ഭ.ബ'യില്‍ (ഭയം ഭക്തി ബഹുമാനം) മോഹന്‍ലാലിന്റേത് മാസ് കഥാപാത്രമെന്ന് സൂചന. ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. മോഹന്‍ലാലിന്റെ കാമിയോ റോളാണ് ചിത്രത്തിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം. 
 
18 ദിവസത്തെ ഡേറ്റാണ് ലാല്‍ 'ഭ.ഭ.ബ'യ്ക്കു നല്‍കിയിരിക്കുന്നത്. ഈ ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയില്‍ ലാല്‍ അതിഥിയായി എത്തിയത് 'ഭ.ഭ.ബ' ലുക്കിലാണ്. നേര്‍ത്ത കുറ്റിത്താടിയില്‍ മീശ പിരിച്ച് കിടിലന്‍ ലുക്കിലാണ് ലാലിനെ കാണുന്നത്. ദിലീപിനൊപ്പം മോഹന്‍ലാലിന്റെ പാട്ട് രംഗവും ഉണ്ടെന്നാണ് വിവരം. 
 
'ഭ.ഭ.ബ'യില്‍ കേവലം കാമിയോ റോളില്‍ മാത്രം ഒതുങ്ങുന്ന കഥാപാത്രമായിരിക്കില്ല മോഹന്‍ലാലിന്റേത്. മോഹന്‍ലാല്‍-ദിലീപ് കോംബിനേഷന്‍ സീനുകളായിരിക്കും ചിത്രത്തിന്റെ ശ്രദ്ധാകേന്ദ്രം. 'ഭ.ഭ.ബ'യുടെ രണ്ടാം ഭാഗത്തെ കുറിച്ചും ആലോചനകള്‍ നടക്കുന്നുണ്ട്. രണ്ടാം ഭാഗത്തിലും ലാലിന്റെ കഥാപാത്രം വരുന്ന പോലെയാകും ആദ്യ ഭാഗം അവസാനിപ്പിക്കുകയെന്നാണ് വിവരം. വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും 'ഭ.ഭ.ബ'യില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഈ വര്‍ഷം തന്നെ റിലീസ് ഉണ്ടാകും. 14 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് മോഹന്‍ലാലും ദിലീപും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍