Mohanlal: മോഹന്‍ലാലിന്റെ സ്‌ത്രൈണത ആഘോഷിക്കപ്പെട്ടാല്‍ ആര്‍ക്കാണ് കുഴപ്പം?

Nelvin Gok

ശനി, 19 ജൂലൈ 2025 (11:12 IST)
Mohanlal - Vinsmera Jewels

Mohanlal: വളരെ പോപ്പുലര്‍ ആയ മീഡിയങ്ങള്‍ വഴി ജെന്‍ഡര്‍ ഇക്വാലിറ്റിയെ കുറിച്ചും സെക്ഷ്വല്‍ ഐഡന്റിറ്റീസിനെ കുറിച്ചും സംസാരിക്കുമ്പോള്‍ അത് പൊതുവെ സമൂഹത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ഇംപാക്ട് ഉണ്ടാക്കുകയും ചെയ്യും. ക്രൗഡ് പുള്ളേഴ്സായ താരങ്ങളോ ഇന്‍ഫ്ളുവേഴ്സോ ആണ് അതിന്റെ ടൂള്‍ ആയി നിന്നുകൊടുക്കുന്നതെങ്കില്‍ ഇംപാക്ട് ഇരട്ടിയാണ്. 
 
ബിഗ് ബോസ് പോലൊരു വലിയ പ്ലാറ്റ്ഫോമില്‍ റിയാസ് സലിം പറഞ്ഞ കാര്യങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റായോ ഇന്‍സ്റ്റഗ്രാം റീല്‍ ആയോ പങ്കുവയ്ക്കുകയായിരുന്നെങ്കില്‍ അതുണ്ടാക്കുന്ന ഇംപാക്ട് ആദ്യത്തേതില്‍ നിന്ന് വ്യത്യസ്തമായിരിക്കും. 'കാതല്‍' എന്ന സിനിമയില്‍ മമ്മൂട്ടിക്കു പകരം താരമൂല്യം കുറഞ്ഞ ഒരു നടനായിരുന്നെങ്കില്‍ ആ സിനിമയും അതിന്റെ രാഷ്ട്രീയവും അന്ന് ശ്രദ്ധിക്കപ്പെട്ട രീതിയില്‍ ചര്‍ച്ചയാകുമായിരുന്നില്ല. 
 
'വിന്‍സ്‌മേര ജ്വല്‍സി'നു വേണ്ടി മോഹന്‍ലാല്‍ ചെയ്ത പുതിയ പരസ്യമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. പ്രകാശ് വര്‍മ സംവിധാനം ചെയ്ത പരസ്യത്തില്‍ മോഹന്‍ലാലിനു പകരം വേറെ ആരെങ്കിലുമായിരുന്നെങ്കില്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ശ്രദ്ധയും സ്വീകാര്യതയും കിട്ടുമായിരുന്നോ? 'ആരും കൊതിച്ചുപോകും' എന്ന ടാഗ് ലൈനില്‍ മോഹന്‍ലാല്‍ ഒരു നെക്ലേസ് ധരിക്കുന്നതും കണ്ണാടിയില്‍ നോക്കി സ്ത്രൈണ ഭാവത്തില്‍ ചുവടുവയ്ക്കുന്നതുമാണ് പരസ്യത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം.
 
പരസ്യത്തിലെ മോഹന്‍ലാലിന്റെ സ്‌ത്രൈണഭാവം ആഘോഷിക്കപ്പെടേണ്ടതാണ്. ആ സ്‌ത്രൈണഭാവം ഇന്റണ്‍ഷലി പ്ലേസ് ചെയ്തിട്ടുള്ളതാണെന്ന് പരസ്യത്തിന്റെ തുടക്കം കണ്ടാല്‍ വ്യക്തമാകും. ലാല്‍ കാറില്‍ വരുന്ന സീനില്‍ കാറിന്റെ മിററില്‍ മോഹന്‍ലാലിന്റെ മുഖത്തിനൊപ്പം ഒരു സ്ത്രീയുടെ മുഖവും തെളിയുന്നുണ്ട്. ലാലിലെ സ്‌ത്രൈണതയെ മനപ്പൂര്‍വ്വം പ്ലേസ് ചെയ്തിരിക്കുകയാണ് ഇവിടെ.
 
പുരുഷന്‍മാരിലെ സ്ത്രൈണത എന്തോ വലിയ കുറവാണെന്നു കരുതുന്ന ഒരു നാട്ടില്‍, ആ നാട്ടിലെ ഏറ്റവും വലിയ താരം തന്നെ അതിനെ നോര്‍മലൈസ് ചെയ്യാന്‍ അറിഞ്ഞോ അറിയാതെയോ ഒരു ശ്രമം നടത്തിയിട്ടുണ്ട്. അതൊരു ഗംഭീര ശ്രമം തന്നെയാണ്. 'Let's celebrate and normalize the male femininity with Lalettan' എന്നാണ് പരസ്യം കണ്ടപ്പോള്‍ തോന്നിയത്. കുറേ വര്‍ഷങ്ങളായി മസ്‌കുലിനിറ്റി സെലിബ്രേറ്റ് ചെയ്യാന്‍ കാരണമായ ആളില്‍ നിന്ന് നേരെ തിരിച്ചൊരു സാധനം കിട്ടിയത് സൊസൈറ്റിയില്‍ നടക്കുന്ന ഒരു മാറ്റത്തിന്റെ സൂചനയായി എടുത്താല്‍ മതി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍