ഡാൻസിന്റെ കാര്യത്തിൽ തെന്നിന്ത്യൻ താരങ്ങളെ കവച്ച് വെയ്ക്കാൻ ആർക്കും സാധിക്കില്ല. പ്രത്യേകിച്ച് അല്ലു അർജുനോടും വിജയ്യോടും. ഹൃതിക്ക് റോഷനോളം വരില്ലെങ്കിലും ഇവരെല്ലാം അതിഗംഭീരമായി ഡാൻസ് കളിക്കുന്നവരാണ്. ഇപ്പോഴിതാ, അല്ലുവിനോടും രാം ചരണിനോടും വിജയ്‌യോടും ഇത്ര വേഗത്തിൽ ഡാൻസ് ചെയ്യരുതെന്ന് പറയുന്ന ഷാറൂഖ് ഖാന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു.
'കേരളം, കർണാടക, ആന്ധ്ര, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള എന്റെ എല്ലാ ആരാധകരോടുമായി ഒന്നുപറയുകയാണ്. എനിക്കവിടെയെല്ലാം ഒരുപാട് സുഹൃത്തുക്കളുണ്ട്. അല്ലു അർജുൻ, പ്രഭാസ്, രാം ചരൺ, യഷ്, മഹേഷ് ബാബു, വിജയ്, രജനികാന്ത്, കമൽഹാസൻ തുടങ്ങിയവരൊക്കെ നല്ല സുഹൃത്തുക്കളാണ്. അവരോടായി ഒരു കാര്യം പറയാനാഗ്രഹിക്കുകയാണ്. ദയവുചെയ്ത് ഇത്രയും വേഗത്തിൽ ഡാൻസ് ചെയ്യരുത്. നിങ്ങളോട് പിടിച്ചു നിൽക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്,' ഷാരൂഖ് ഖാൻ പറഞ്ഞു.
വേദിയിൽ വെച്ച് പുതിയ ചിത്രമായ കിംഗിനെക്കുറിച്ചും ഷാരൂഖ് പറഞ്ഞു. പഠാൻ എന്ന ചിത്രമൊരുക്കിയ സിദ്ധാർത്ഥ് ആനന്ദാണ് കിംഗ് സംവിധാനം ചെയ്യുന്നത്. 'ഈ ചിത്രത്തേക്കുറിച്ച് കൂടുതൽ പറയാൻ നിർവാഹമില്ല. എങ്കിലും ഏവരേയും രസിപ്പിക്കുന്ന ചിത്രമായിരിക്കും അതെന്ന് നിസ്സംശയം പറയാം. മുമ്പൊക്കെ എന്റെ സിനിമകൾക്ക് നല്ല പേരുകൾ ലഭിച്ചിരുന്നു. എന്നാൽ ഇന്ന് സിനിമയ്ക്ക് നല്ലൊരു ടൈറ്റിൽ കിട്ടാൻ പ്രയാസപ്പെടുകയാണ്,' ഷാരൂഖ് ഖാൻ കൂട്ടിച്ചേർത്തു.