തിരുവനന്തപുരം: ഒക്ടോബര്‍ മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം ഈ മാസം 27 മുതല്‍ ആരംഭിക്കുമെന്ന് ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഇതിനായി സര്‍ക്കാര്‍ 812 കോടി രൂപ അനുവദിച്ചു.സംസ്ഥാനത്ത് 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കള്‍ക്ക് 1600 രൂപ വീതം പെന്‍ഷന്‍ ലഭിക്കും. ഇവരില്‍ 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് ക്രഡിറ്റ് ചെയ്യും. ശേഷിക്കുന്നവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ വിതരണം നടത്തും.
ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ 8.46 ലക്ഷം ഗുണഭോക്താക്കളുടെ കേന്ദ്ര വിഹിതം നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ഇതിന് ആവശ്യമായ 24.21 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്. ഈ തുക പി.എഫ്.എം.എസ് (PFMS) സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ ക്രഡിറ്റ് ചെയ്യേണ്ടത്.ഇതുവരെ ക്ഷേമപെന്‍ഷന്‍ വിതരണം നടത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 43,653 കോടി രൂപയാണെന്നും ധനകാര്യമന്ത്രി വ്യക്തമാക്കി.