സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ സര്‍വ്വകലാശാലകളില്‍ ബിരുദ-ബിരുദാനന്തര-പി.എച്ച്.ഡി കോഴ്‌സുകളില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം. വിദേശ സര്‍വകലാശാലകളില്‍ പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കില്‍ നിന്നോ,ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ നിന്നോഎടുക്കുന്ന വിദ്യാഭ്യാസ വായ്പയുടെ അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്.
സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ മുസ്ലീം,ക്രിസ്ത്യന്‍,സിഖ്,ബുദ്ധ,പാഴ്‌സി,ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത.ഡിപ്ലോമ/പോസ്റ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.വിദേശത്ത് ഉപരി പഠനത്തിനായി മറ്റേതെങ്കിലും സര്‍ക്കാര്‍ ധനസഹായമോ,സ്‌കോളര്‍ഷിപ്പുകളോ ഇതിനകം ലഭിച്ചിട്ടുള്ളവര്‍ അപേക്ഷിക്കരുത്. വിദേശത്ത് ഉപരി പഠനത്തിനായി വിദ്യാഭ്യാസ വായ്പ ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ സ്‌കോളര്‍ഷിപ്പ് അപേക്ഷിക്കാന്‍ സാധിക്കുകയുളളൂ. അപേക്ഷകനും മാതാപിതാക്കളും കേരളത്തില്‍ സ്ഥിര താമസക്കാരായിരിക്കണം. പ്രവാസികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയില്ല. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. തെരഞ്ഞെടുക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥിയ്ക്ക് കോഴ്‌സ് കാലാവധിക്കുളളില്‍ പരമാവധി 5,00,000/-രൂപയാണ് സ്‌കോളര്‍ഷിപ്പ് തുകയായി അനുവദിക്കുന്നത്. അപേക്ഷകര്‍ക്ക് ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.
ഒക്ടോബര്‍ 31 വൈകിട്ട് 5 നകം ഡയറക്ടര്‍,ന്യൂനപക്ഷ ക്ഷേമ വകുപ്പ്,നാലാം നില,വികാസ് ഭവന്‍,തിരുവനന്തപുരം -33എന്ന വിലാസത്തില്‍ പൂരിപ്പിച്ച അപേക്ഷ നേരിട്ടോ, തപാല്‍ മുഖേനയോ ലഭ്യമാക്കണം. അപേക്ഷാ ഫാറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉള്‍പ്പെടുന്ന വിജ്ഞാപനവുംwww.minoritywelfare.kerala.gov.inല്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2300523, 0471-2300524,0471-2302090.