കേരളം ഉന്നതവിദ്യാഭ്യാസ രംഗത്ത് മാതൃക: മന്ത്രി ഡോ.ആർ ബിന്ദു

അഭിറാം മനോഹർ

ചൊവ്വ, 16 സെപ്‌റ്റംബര്‍ 2025 (17:19 IST)
കേരളം ഉന്നതവിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് മാതൃകയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ഗുണമേന്മ, സമത്വം, നവീകരണം എന്നീ മൂല്യങ്ങളെ ആസ്പദമാക്കി വിജ്ഞാന സമൂഹം കെട്ടിപ്പടുക്കുകയാണ് കേരളത്തിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.NAAC-യുടെ A++, A+, A ഗ്രേഡുകള്‍ നേടിയ സ്ഥാപനങ്ങള്‍ക്കും NIRF, KIRF റാങ്കിംഗില്‍ മുന്നിലെത്തിയ സര്‍വകലാശാലകള്‍ക്കും 'മിനിസ്റ്റേഴ്സ് അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ്' നല്‍കി ആദരിക്കുന്ന എക്‌സലന്‍ഷ്യ 2025-ല്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
 
കേരളത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം ഭാവി ലക്ഷ്യമിട്ട് സ്ഥിരോത്സാഹത്തോടെ മുന്നേറുകയാണ്. രാജ്യത്തെ മികച്ച 300 കോളേജുകളില്‍ 25% കേരളത്തിലാണെന്നത് നമ്മുടെ പ്രത്യേകതയാണ്. കേരള സര്‍വകലാശാല, എം.ജി സര്‍വകലാശാല, കുസാറ്റ്, ശ്രീ ശങ്കരാചാര്യ സര്‍വകലാശാല ഉള്‍പ്പെടെ അഞ്ചു സര്‍വകലാശാലകള്‍ക്ക് NAAC-ല്‍ A+ ഗ്രേഡും ലഭിച്ചിട്ടുണ്ട്. NIRF 2025-ല്‍ കേരള സര്‍വകലാശാല അഞ്ചാം സ്ഥാനത്തേക്കും കുസാറ്റ് ആറാം സ്ഥാനത്തേക്കും ഉയര്‍ന്നത് വലിയ നേട്ടമാണ്.
 
നാല് വര്‍ഷ ബിരുദ പ്രോഗ്രാം (FYUGP) സാധാരണ ഒരു വര്‍ഷം കൂട്ടിച്ചേര്‍ക്കല്‍ മാത്രമല്ല, പാഠ്യപദ്ധതിയില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ത്ഥികളെ വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയ്ക്കും ആഗോള മത്സരങ്ങള്‍ക്കും സജ്ജരാക്കാന്‍ ഇതുവഴി കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 
ഓണ്‍ലൈന്‍ ക്രെഡിറ്റ്-ലിങ്ക്ഡ് കോഴ്‌സുകള്‍, അധ്യാപകര്‍ക്ക് സ്വന്തം സിഗ്നേച്ചര്‍ കോഴ്‌സുകള്‍ അവതരിപ്പിക്കാനുള്ള അവസരം, ഏഴ് പുതിയ മികവിന്റെ കേന്ദ്രങ്ങള്‍, മുഖ്യമന്ത്രിയുടെ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്, FYUGP വിദ്യാര്‍ത്ഥികള്‍ക്കായി ലക്ഷ്യമിട്ട ഒരു ലക്ഷം ഇന്റേണ്‍ഷിപ്പുകള്‍ എന്നിവ കേരളത്തെ രാജ്യത്ത് തന്നെ മുന്നില്‍ നിര്‍ത്തുന്ന പ്രത്യേകതകളാണെന്ന് മന്ത്രി പറഞ്ഞു.കോളേജിയേറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ സുധീര്‍ കെ അധ്യക്ഷത വഹിച്ച ചടങ്ങില്‍, NAAC അഡൈ്വസര്‍ ഡോ. ദേവേന്ദര്‍ കാവഡെ മുഖ്യാതിഥിയായിരുന്നു. സംസ്ഥാനത്തെ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍, കോളേജ് മാനേജ്‌മെന്റ് പ്രതിനിധികള്‍, അധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍