പ്രശസ്ത റാപ് ഗായകന്‍ വേടനെതിരെ (ഹിരണ്‍ദാസ് മുരളി) ലൈംഗികാതിക്രമ പരാതി നല്‍കിയ യുവതി ഹൈക്കോടതിയില്‍. തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടരുതെന്ന് പൊലീസിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സി.പ്രതീപ് കുമാര്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും.
2020 ഡിസംബറില്‍ ദളിത് സംഗീതത്തെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട് വേടന്റെ താമസ സ്ഥലത്തെത്തിയ ഹര്‍ജിക്കാരിയോട് ലൈംഗിക അതിക്രമം കാട്ടിയെന്നാണു മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ഡിജിപിക്കു കൈമാറുകയും തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. മൊഴി നല്‍കാനായി സ്റ്റേഷനില്‍ എത്താന്‍ ഹര്‍ജിക്കാരിക്കു പൊലീസ് നോട്ടിസ് നല്‍കി. വേടന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനംമൂലം തന്റെ വിശദാംശങ്ങളും ആരോപണങ്ങളും ഉള്‍പ്പെടെ പരസ്യമാക്കാന്‍ സാധ്യതയുണ്ടെന്നു ആശങ്കയെ തുടര്‍ന്നാണ് ഹര്‍ജിക്കാരി ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.