എല്ലാ പണിയും എഐ ചെയ്യും, ചാറ്റ് ജിപിടി അറ്റ്ലസ് വെബ് ബ്രൗസർ പുറത്തിറക്കി ഓപ്പൺ എഐ

അഭിറാം മനോഹർ

ബുധന്‍, 22 ഒക്‌ടോബര്‍ 2025 (20:36 IST)
പെര്‍പ്ലസിറ്റിയുടെ കോമറ്റിനും ഗൂഗിള്‍ ക്രോമിനും വെല്ലുവിളിയുമായി പുതിയ ബ്രൗസര്‍ അവതരിപ്പിച്ച് ചാറ്റ് ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍ എഐ. അറ്റ്‌ലസ് എന്ന് പേരിട്ടിരിക്കുന്ന ബ്രൗസറിനെ വെബ് ബ്രൗസറിന്റെ അടുത്തയുഗത്തിലേക്കുള്ള ചുവടുവെയ്പ്പായാണ് ഓപ്പണ്‍ എഐ വിശേഷിപ്പിക്കുന്നത്.
 
ഉപഭോക്താക്കള്‍ക്ക് വെബ് പേജുകളുമായി നേരിട്ട് ചാറ്റ് ചെയ്യാനും തിരച്ചിലുകള്‍ നടത്താനും എഐ ഏജന്റിന്റെ സഹായത്തോടെ ഓണ്‍ലൈന്‍ ടാസ്‌കുകള്‍ ചെയ്യാനുമെല്ലാം അറ്റ്‌ലസ് ബ്രൗസറിലൂടെ സാധിക്കും. മാക്ക് ഒഎസില്‍ മാത്രമാണ് അറ്റ്‌ലസ് നിലവില്‍ എത്തിയിരിക്കുന്നത്. വിന്‍ഡോസ്, മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് താമസിയാതെ തന്നെ എത്തും. നിലവില്‍ ചാറ്റ്ജിപിടി പ്ലസ്, പ്രോ ഉപഭോക്താക്കള്‍ക്ക് മാത്രമാകും സേവനങ്ങള്‍ ലഭിക്കുക. ബ്രൗസിങ് കൂടുതല്‍ വ്യക്തിഗതവും ഉത്പാദനക്ഷമവുമാക്കുക എന്നതാണ് ബ്രൗസറിലൂടെ ലക്ഷ്യമിടുന്നതെന്ന് ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍ പറഞ്ഞു.
 
ബ്രൗസറുമായി ചാറ്റ് ചെയ്യുക എന്ന ആശയം അടിസ്ഥാനമാക്കിയാണ് പുതിയ ബ്രൗസറിന്റെ നിര്‍മാണം. പ്രത്യേകം സെര്‍ച്ച് ബോക്‌സും ടാബുകളുമെല്ലാമുള്ള പരമ്പരാഗത ബ്രൗസറുകളില്‍ നിന്നും ഇത് വ്യത്യസ്തമായിരിക്കും. ടാബുകള്‍ ബുക്ക്മാര്‍ക്ക്, ഓട്ടോഫില്‍ പോലുള്ള സേവനങ്ങള്‍ ബ്രൗസറില്‍ ലഭ്യമായിരിക്കും.പെര്‍പ്ലസിറ്റിയുടെ കോമറ്റ് ബ്രൗസറിന്റെ അടിസ്ഥാനതത്വങ്ങള്‍ തന്നെയാണ് ചാറ്റ്ജിപിടി അറ്റ്‌ലസിലും ആവര്‍ത്തിച്ചിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍