ബലാത്സംഗക്കേസ്: റാപ്പർ വേടന് വ്യവസ്ഥകളോടെ മുൻകൂർ ജാമ്യം, 9ന് ഹാജരാകണം

അഭിറാം മനോഹർ

ബുധന്‍, 27 ഓഗസ്റ്റ് 2025 (12:50 IST)
ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. വ്യവസ്ഥകളോടെയാണ് കോടതി വേടന് ജാമ്യം അനുവദിച്ചത്. സെപ്റ്റംബര്‍ 9 ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും കോടതി നിര്‍ദേശമുണ്ട്. അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നുമാണ് കോടതി നിര്‍ദേശം. യുവ ഡോക്ടറാണ് തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ വേടനെതിരെ ബലാത്സംഗ പരാതി നല്‍കിയത്.
 
കേസെടുത്തത് മുതല്‍ ഒളിവിലായിരുന്നു വേടന്‍. അന്തിമ ഉത്തരവ് വരുന്ന വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഉഭയസമ്മതപ്രകാരമുണ്ടായ ബന്ധമാണ് ഇപ്പോള്‍ ബലാത്സംഗമായി വ്യാഖ്യാനിക്കുന്നതെന്നാണ് വേടന്‍ കോടതിയില്‍ വാദിച്ചത്. യുവതിയെ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നെന്നും എന്നാല്‍ പിന്നീട് ബന്ധം വഷളായെന്നുമാണ് വേടന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയത്.
 
അതേസമയം വിഷാദാവസ്ഥയില്‍ ആയതിനാല്‍ പരാതി നല്‍കാന്‍ വൈകിയതെന്നാണ് അതിജീവിതയുടെ മറുപടി. ഈ കാലയളവില്‍ ജോലി ചെയ്തിരുന്നോ എന്ന ചോദ്യത്തിന് പരാതിക്കാരി ജോലി ചെയ്തിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍ വാദിച്ചു. ഇരുകൂട്ടരുടെയും വാദം പൂര്‍ത്തിയായതോടെ കേസില്‍ വിധി പറയാന്‍ കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍