'ആരാധന തോന്നി വിളിച്ചു, ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ പീഡനം'; വേടനെതിരെ ഡിജിപിക്ക് പരാതി

രേണുക വേണു

ചൊവ്വ, 19 ഓഗസ്റ്റ് 2025 (09:28 IST)
Vedan

റാപ് ഗായകന്‍ വേടനെതിരായ (ഹിരണ്‍ ദാസ് മുരളി) പരാതി ഡിജിപിക്ക്. രണ്ട് യുവതികള്‍ നല്‍കിയ പരാതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് പൊലീസ് മേധാവിക്ക് കൈമാറിയത്. കഴിഞ്ഞ ദിവസമാണ് തങ്ങള്‍ ലൈംഗിക അതിക്രമത്തിനു ഇരയായെന്നു കാട്ടി രണ്ട് യുവതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയത്. 
 
2020 ല്‍ നടന്ന സംഭവമാണ് ഒരു പരാതിയുടെ അടിസ്ഥാനം, മറ്റൊരു പരാതി 2021 ലെ സംഭവത്തെപ്പറ്റിയാണ്. പരാതിക്കാരില്‍ ഒരാള്‍ ദളിത് സംഗീതത്തില്‍ ഗവേഷണം നടത്തുന്നയാളാണ്. വേടന്റെ ഇത്തരം പാട്ടുകള്‍ കേട്ടാണ് സമീപിച്ചതും പരിചയത്തിലായതും. പരിചയം സൗഹൃദമാവുകയും പലയിടങ്ങളില്‍ വച്ച് പീഡിപ്പിക്കുകയും ചെയ്തതായാണ് ഈ യുവതിയുടെ പരാതി. 
 
രണ്ടാമത്തെ പരാതിക്കാരിയും കലാരംഗത്തുനിന്നുള്ള വ്യക്തിയാണ്. വേടനോടു ആരാധന തോന്നിയാണ് പരിചയപ്പെട്ടതെന്നും ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. ഇ-മെയിലിലൂടെയാണ് രണ്ട് പേരും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അയച്ചത്. മുഖ്യമന്ത്രിയെ നേരില്‍ കാണണമെന്നും കൂടുതല്‍ തെളിവുകള്‍ കൈമാറാനുണ്ടെന്നും യുവതികള്‍ അറിയിച്ചിട്ടുണ്ട്. 
 
പരാതിക്കാരായ രണ്ട് യുവതികളും നേരത്തേ വേടനെതിരെ മീ ടു ആരോപണം ഉന്നയിച്ചവരാണ്. അതേസമയം തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ പ്രതിയായ വേടന്‍ ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍