ബലാത്സംഗ പരാതിയില്‍ റാപ്പര്‍ വേടന്‍ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ രാവിലെ ഒന്‍പത് മണിക്കാണ് വേടന്‍ ഹാജരായത്. ഹൈക്കോടതി വേടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളതിനാല്‍ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കും. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി രണ്ടു വര്‍ഷത്തിനിടെ അഞ്ച് തവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി.
പാട്ടുപുറത്തിറക്കാനെന്ന പേരില്‍ 31,000 രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്നും ആരോപണമുണ്ട്. യുവ ഡോക്ടറാണ് പരാതി നല്‍കിയിരിക്കുന്നത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ കോഴിക്കോട്, കൊച്ചി, ഏലൂരിലെ സുഹൃത്തിന്റെ വീട് എന്നിവിടങ്ങളില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. വേടന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തുകയും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.