'കടലാസ് ഉറപ്പ് തന്നെയാണല്ലോ രാമന്‍കുട്ടി...' മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ രാമന്‍കുട്ടിക്ക് പൂര്‍ണവിശ്വാസം. മുഖ്യമന്ത്രി എന്നോടൊപ്പം (സി എം വിത്ത് മി) സിറ്റിസണ്‍ കണക്ട് സെന്ററില്‍ നല്‍കിയ പരാതിയുടെ പരിഹാരം അറിയിക്കാനാണ് പാലക്കാട് പ്ലാച്ചിക്കാട്ടില്‍ പി. രാമന്‍കുട്ടിയെ മുഖ്യമന്ത്രി നേരിട്ട് ഫോണില്‍ വിളിച്ചത്. ചെത്തു തൊഴിലാളി പെന്‍ഷന്‍ കുടിശിക ലഭിക്കുന്നതിന് വേണ്ടിയാണ് രാമന്‍കുട്ടി സിറ്റിസണ്‍ കണക്ട് സെന്ററില്‍ വിളിച്ച് പരാതി നല്‍കിയത്. കുടിശിക തുക നവംബര്‍ ആദ്യവാരം തന്നെ വിതരണം ചെയ്യുമെന്ന് ചെത്തു തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തീരുമാനിച്ചു. ഇതു സംബന്ധിച്ച കത്ത് രാമന്‍കുട്ടിക്ക് അയച്ചിരുന്നുവെന്നും കിട്ടിയോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കത്ത് കിട്ടിയെന്ന് രാമന്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് തുക കിട്ടുമല്ലോയെന്ന ആശങ്ക സൂചിപ്പിച്ചപ്പോഴാണ് 'കിട്ടിയ കടലാസ് ഉറപ്പ് തന്നെയാണല്ലോ രാമന്‍കുട്ടീയെന്ന്' മുഖ്യമന്ത്രി പറഞ്ഞത്.
മുഖ്യമന്ത്രി എന്നോടൊപ്പം സിറ്റിസണ്‍ കണക്ട് സെന്ററിലേക്ക് വന്ന പരാതികളിന്മേലുള്ള നടപടികളുടെ വിവരങ്ങള്‍ പരാതിക്കാരെ നേരിട്ട് വിളിച്ച് അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി. പരാതിക്കാരുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിച്ചു. മുഖ്യമന്ത്രിയുമായി നേരിട്ടു സംസാരിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം കോളുകളില്‍ പ്രകടമായി.
പോത്തന്‍കോട് പി.വി. കോട്ടേജിലെ ശരണ്യയുമായാണ് മുഖ്യമന്ത്രി ആദ്യം സംസാരിച്ചത്. ശരണ്യയുടെ മകള്‍ ഇവാന സാറ റ്റിന്റോയെ അണ്‍എയ്ഡഡ് സ്‌കൂളില്‍ നിന്നു മാറ്റി പോത്തന്‍കോട് ഗവണ്‍മെന്റ് യു.പി.എസില്‍ ചേര്‍ത്തിരുന്നു. കുട്ടിയുടെ ആധാര്‍ നമ്പര്‍ സംപൂര്‍ണ സോഫ്റ്റ്വെയറില്‍ ചേര്‍ക്കാന്‍ കഴിയാത്തതിനാല്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് ശരണ്യ സിഎം വിത്ത് മീയില്‍ വിളിച്ച് പരാതി ഉന്നയിച്ചത്. പരാതി പരിഗണിച്ച് ആധാര്‍ നമ്പര്‍ സംപൂര്‍ണ സോഫ്റ്റ്വെയറില്‍ ചേര്‍ക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ സിഎം വിത്ത് മീ കണക്ട് സെന്റര്‍ കണിയാപുരം എഇഒ യ്ക്ക് നിര്‍ദേശം നല്‍കി. അതിവേഗത്തില്‍ നടപടിയായതിലുള്ള സന്തോഷം ശരണ്യ മുഖ്യമന്ത്രിയെ അറിയിച്ചു.